Doug Ford jet controversy
ടൊറന്റോ: വിവാദമായ സ്വകാര്യ ജെറ്റ് വിമാനത്തിന്റെ ഇടപാടിൽ ഒന്റാരിയോയിലെ നികുതിദായകർക്ക് 2 ലക്ഷം ഡോളറോളം (ഏകദേശം 1.6 കോടി രൂപ) അധിക ബാധ്യതയുണ്ടായതായി പുറത്തുവന്ന ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. പ്രീമിയർ ഡഗ് ഫോർഡിന്റെ ഉപയോഗത്തിനായി 2.89 കോടി ഡോളർ മുടക്കി വാങ്ങാനിരുന്ന വിമാനത്തിന്റെ കരാറിൽ നിന്ന് സർക്കാർ പിന്മാറിയതോടെയാണ് ഈ സാമ്പത്തിക നഷ്ടം ഉണ്ടായത്.
ഏപ്രിൽ 17-നാണ് 2016 മോഡൽ ‘ബോംബാർഡിയർ ചലഞ്ചർ 650’ (Bombardier Challenger 650) എന്ന ഉപയോഗിച്ച വിമാനം പ്രീമിയറുടെ ആവശ്യത്തിനായി വാങ്ങിയ വിവരം അദ്ദേഹത്തിന്റെ ഓഫീസ് സ്ഥിരീകരിച്ചത്. എന്നാൽ പൊതുജനങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നതോടെ ഡഗ് ഫോർഡ് ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോവുകയായിരുന്നു. വിമാനം വാങ്ങിയ അതേ വിലയ്ക്ക് (2.1 കോടി യുഎസ് ഡോളർ) തന്നെ കമ്പനിക്ക് തിരിച്ചുവിറ്റതായി അദ്ദേഹം പിന്നീട് അറിയിച്ചെങ്കിലും, ഇതുമായി ബന്ധപ്പെട്ട അനുബന്ധ ചെലവുകൾ സർക്കാരിന് വലിയ ബാധ്യതയായി മാറി.
ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡിന് പുതിയ സ്വകാര്യ വിമാനം; 28.9 മില്യൺ ഡോളർ നികുതിപ്പണം ചിലവാക്കുന്നതിനെതിരെ വൻ പ്രതിഷേധം- വാർത്ത വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഡഗ് ഫോർഡും സഹോദരൻ റോബ് ഫോർഡും ഭരണരംഗത്തെ അഴിമതിയെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന “ഗ്രേവി ട്രെയിൻ” എന്ന പ്രയോഗത്തെ പരിഹസിച്ചുകൊണ്ട് പ്രതിപക്ഷം ഈ വിമാനത്തെ “ഗ്രേവി പ്ലെയിൻ” (Gravy Plane) എന്ന് വിശേഷിപ്പിച്ചു. സാധാരണക്കാർ വിലക്കയറ്റം മൂലം കഷ്ടപ്പെടുമ്പോൾ നികുതിപ്പണം ഉപയോഗിച്ച് ആഡംബര വിമാനം വാങ്ങാൻ മുതിർന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ലിബറൽ പാർട്ടി നേതാവ് ജോൺ ഫ്രേസറും എൻഡിപി നേതാവ് മാരിറ്റ് സ്റ്റൈൽസും കുറ്റപ്പെടുത്തി.
വിമാനത്തിന്റെ ആവശ്യം:
-
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രീമിയറുടെ യാത്രകൾ കൂടുതൽ സുരക്ഷിതവും രഹസ്യാത്മകവുമാക്കാനാണ് വിമാനം വാങ്ങിയതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് ആദ്യം വിശദീകരിച്ചിരുന്നത്.
-
വടക്കൻ ഒന്റാരിയോയിലെ ചെറിയ വിമാനങ്ങളിലെ യാത്രകൾ ദുഷ്കരമാണെന്ന പ്രീമിയറുടെ പരാതിയും ഈ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു.
-
എങ്കിലും വടക്കൻ ഒന്റാരിയോയിലെ ഭൂരിഭാഗം വിമാനത്താവളങ്ങളിലും ഇത്ര വലിയ വിമാനങ്ങൾ ഇറക്കാനുള്ള സൗകര്യമില്ലെന്നത് ഈ വാദത്തിന്റെ വിശ്വാസ്യത കുറയ്ക്കുന്നു.
നികുതിപ്പണം ധൂർത്തടിക്കില്ലെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്ന സർക്കാരിന് ഈ ജെറ്റ് ഇടപാട് വലിയ രാഷ്ട്രീയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. ഇടപാടിന്റെ മുഴുവൻ സാമ്പത്തിക രേഖകളും പരസ്യപ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

























