OPP officer charged manslaughter
നോർഫോക് കൗണ്ടി (ഒന്റാറിയോ): കഴിഞ്ഞ വർഷം നോർഫോക് കൗണ്ടിയിലെ ടർക്കി പോയിന്റ് മറീനയ്ക്ക് സമീപം 22 വയസ്സുകാരൻ പോലീസ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി. കോൺസ്റ്റബിൾ ക്വാഡ് ഓഡ്രോവ്സ്കിക്കെതിരെയാണ് (Quade Odrowski) മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് കേസെടുത്തത്.
2025 ഓഗസ്റ്റ് 12-നായിരുന്നു കേസിനാസ്പദമായ സംഭവം. ലേക്ക് ഇറിയിലെ മക്ഡൊണാൾഡ് ടർക്കി പോയിന്റ് മറീനയിൽ വാട്ടർക്രാഫ്റ്റ് ഓടിക്കുകയായിരുന്ന യുവാവിനെ പോലീസ് തടയാൻ ശ്രമിച്ചു. എന്നാൽ ഇയാൾ വാട്ടർക്രാഫ്റ്റ് നിർത്താതെ കരയ്ക്കടുപ്പിക്കുകയും വനമേഖലയിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. പിന്തുടർന്നു പിടികൂടാനുള്ള ശ്രമത്തിനിടെ കോൺസ്റ്റബിൾ ഓഡ്രോവ്സ്കി വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ 22-കാരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ദീർഘനാളത്തെ അന്വേഷണത്തിനൊടുവിൽ, കോൺസ്റ്റബിൾ ക്വാഡ് ഓഡ്രോവ്സ്കി കുറ്റകൃത്യം ചെയ്തതായി വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് എസ്ഐയു ഡയറക്ടർ ജോസഫ് മാർട്ടിനോ അറിയിച്ചു. വ്യാഴാഴ്ച എസ്ഐയു ആസ്ഥാനത്ത് വെച്ച് അറസ്റ്റ് ചെയ്ത ഇദ്ദേഹത്തെ കർശന നിബന്ധനകളോടെ വിട്ടയച്ചു. കേസ് ജൂൺ രണ്ടിന് കോടതി പരിഗണിക്കും.
അതേസമയം, കോൺസ്റ്റബിൾ ഓഡ്രോവ്സ്കിക്കും മറ്റ് ഉദ്യോഗസ്ഥർക്കും പൂർണ്ണ പിന്തുണയുമായി ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് അസോസിയേഷൻ (OPPA) രംഗത്തെത്തി. നിയമപരമായ പോരാട്ടത്തിൽ അദ്ദേഹത്തിന് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും, ജീവൻ നഷ്ടപ്പെടാനിടയായ സാഹചര്യങ്ങൾ ദൗർഭാഗ്യകരമാണെന്നും അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു. നീണ്ട കോടതി നടപടികൾ ഉദ്യോഗസ്ഥരുടെ മാനസികാരോഗ്യത്തെ ബാധിക്കാനിടയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

























