ഒന്റാറിയോയിലെ ഉന്നത വിദ്യാഭ്യാസ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുന്ന ഒന്റാറിയോ സ്റ്റുഡന്റ് അസിസ്റ്റൻസ് പ്രോഗ്രാമിൽ (OSAP) തെറ്റായ വിവരങ്ങൾ നൽകി ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന സംഭവങ്ങളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയതായി പുതിയ ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. വിവരാവകാശ നിയമപ്രകാരം ഗ്ലോബൽ ന്യൂസ് പുറത്തുവിട്ട രേഖകൾ അനുസരിച്ച്, 2020 മുതൽ യോഗ്യതയില്ലാത്തവർ കൈപ്പറ്റിയ തുകയിൽ 800 ശതമാനത്തിലധികം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിനെത്തുടർന്ന് അപേക്ഷകളിലെ കൃത്യത ഉറപ്പുവരുത്തുന്നതിനായി സർക്കാർ പരിശോധനകളും അന്വേഷണങ്ങളും വിപുലീകരിച്ചിട്ടുണ്ട്.
ലഭ്യമായ കണക്കുകൾ പ്രകാരം 2020-ൽ വെറും 173 ഒസാപ്പ് അപേക്ഷകളിലാണ് സർക്കാർ അന്വേഷണം നടത്തിയത്. അന്ന് ഏകദേശം 8,87,553 ഡോളറാണ് അർഹതയില്ലാത്തവർ കൈപ്പറ്റിയതായി കണ്ടെത്തിയത്. എന്നാൽ 2025 ആയപ്പോഴേക്കും അന്വേഷണങ്ങളുടെ എണ്ണം 909 ആയി ഉയരുകയും, അതിലൂടെ 8.3 മില്യൺ ഡോളറിലധികം തുക അർഹതയില്ലാത്തവർ കൈപ്പറ്റിയതായി കണ്ടെത്തുകയും ചെയ്തു. ക്രിമിനൽ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുന്ന സാമ്പത്തിക തട്ടിപ്പുകളേക്കാൾ (Fraud), അപേക്ഷകളിൽ മനഃപൂർവ്വമോ അല്ലാതെയോ വരുത്തുന്ന തെറ്റായ വിവരങ്ങൾ (Misrepresentation) മൂലമാണ് ഈ തുക വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. മനഃപൂർവ്വം തെറ്റായ വിവരങ്ങൾ നൽകിയവരിൽ നിന്ന് തുക ഉടനടി ഈടാക്കുമെന്നും, അബദ്ധത്തിൽ സംഭവിച്ചതാണെങ്കിൽ ദീർഘകാലാടിസ്ഥാനത്തിൽ തിരിച്ചടയ്ക്കാൻ അവസരം നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഒസാപ്പ് പദ്ധതിയിലൂടെ പ്രതിവർഷം വിതരണം ചെയ്യുന്ന 2 ബില്യൺ ഡോളറിനോട് താരതമ്യം ചെയ്യുമ്പോൾ ഈ തുക വളരെ ചെറുതാണെന്ന് പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് അർഹമായ ഗ്രാൻ്റുകൾ നിഷേധിക്കാനും അവ ലോണുകളാക്കി മാറ്റാനും ഭരണകൂടം ഈ കണക്കുകളെ ഒരു ഒഴികഴിവായി ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ നേതാക്കൾ വിമർശിച്ചു. എന്നാൽ, നികുതിദായകരുടെ പണം ദുരുപയോഗം ചെയ്യുന്നത് തടയാനും ഒസാപ്പ് പദ്ധതിയുടെ സുതാര്യത ഉറപ്പാക്കാനും ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ കർശനമായ പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് കോളേജ്-യൂണിവേഴ്സിറ്റികളുടെ ചുമതലയുള്ള മന്ത്രി വ്യക്തമാക്കുകയുണ്ടായി.
കഴിഞ്ഞ ഏതാനും വർഷങ്ങളായി യോഗ്യതയില്ലാതെ വിതരണം ചെയ്ത ഒസാപ്പ് ഫണ്ടിന്റെ കണക്കുകൾ താഴെ നൽകുന്നു:
-
2020: $887,553
-
2021: $700,070
-
2022: $606,550
-
2023: $2,220,992
-
2024: $4,719,310
-
2025: $8,332,363





















