നയാഗ്രാ: നയാഗ്രാ വെള്ളച്ചാട്ടത്തിന് സമീപമുള്ള ഹോട്ടലിൽ വെച്ച് 40-കാരൻ പോലീസിന്റെ വെടിയേറ്റ് മരിച്ച സംഭവത്തിൽ ടൊറന്റോ പോലീസ് ഉദ്യോഗസ്ഥനെതിരെ നരഹത്യ (Manslaughter) കുറ്റം ചുമത്തി. ടൊറന്റോ പോലീസ് സർവീസിലെ കോൺസ്റ്റബിൾ ആൻഡ്രൂ ലോസനെയാണ് ഒന്റാരിയോയിലെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് (SIU) അറസ്റ്റ് ചെയ്തത്. 2025 ജൂലൈ 30-ന് നടന്ന സംഭവത്തിൽ ദീർഘമായ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.
പരോൾ വ്യവസ്ഥകൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് കാനഡ രാജ്യവ്യാപകമായി പുറപ്പെടുവിച്ച വാറന്റ് നിലവിലുള്ള വ്യക്തിയെ പിടികൂടാനാണ് പോലീസ് സംഘം നയാഗ്രയിലെ രാമഡാ ഹോട്ടലിൽ എത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് കോൺസ്റ്റബിൾ ആൻഡ്രൂ ലോസൻ വെടിയുതിർത്തത്. മാരകമായി പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ ഏറ്റുമുട്ടലിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥനും ഗുരുതരമായി പരിക്കേറ്റിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എസ്.ഐ.യു ആസ്ഥാനത്ത് വെച്ച് ബുധനാഴ്ചയാണ് ആൻഡ്രൂ ലോസന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് കർശന ഉപാധികളോടെ ഇദ്ദേഹത്തെ വിട്ടയച്ചു. പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന മരണങ്ങൾ, ഗുരുതരമായ പരിക്കുകൾ, ലൈംഗിക അതിക്രമങ്ങൾ എന്നിവ അന്വേഷിക്കുന്ന സ്വതന്ത്ര ഏജൻസിയാണ് എസ്.ഐ.യു. 20 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് 2016-ൽ ഗവർണർ ജനറലിന്റെ മെഡൽ ലഭിച്ച ഉദ്യോഗസ്ഥനാണ് ആൻഡ്രൂ ലോസൻ എന്നത് ശ്രദ്ധേയമാണ്.






















