V D Satheesan Kerala CM
വി ഡി സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി. കേരളത്തിന്റെ ഭരണസാരഥ്യത്തെ ചൊല്ലിയുള്ള നീണ്ട അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പുതിയ മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ഡൽഹിയിൽ നടന്ന എഐസിസി വാർത്താസമ്മേളനത്തിലാണ് നിർണ്ണായകമായ ഈ തീരുമാനം ഔദ്യോഗികമായി അറിയിച്ചത്. മുകുൾ വാസ്നിക്, അജയ് മാക്കൻ, ദീപാദാസ് മുൻഷി എന്നിവരുൾപ്പെട്ട എഐസിസി നിരീക്ഷക സംഘമാണ് സതീശന്റെ പേര് പ്രഖ്യാപിച്ചത്.
തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ മികച്ച വിജയത്തിലേക്ക് നയിച്ചതിൽ സതീശന്റെ നേതൃപാടവം നിർണ്ണായകമായതാണ് അദ്ദേഹത്തിന് അനുകൂലമായത്. കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ സജീവമായി പരിഗണിക്കപ്പെട്ടെങ്കിലും ഒടുവിൽ സതീശന്റെ പേരിൽ ഹൈക്കമാൻഡ് ഉറച്ചുനിൽക്കുകയായിരുന്നു. പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ വലിയ രീതിയിലുള്ള ആഹ്ലാദപ്രകടനങ്ങൾ തുടങ്ങി കഴിഞ്ഞു.
മന്ത്രിസഭാ രൂപീകരണത്തിനായുള്ള ചർച്ചകൾ വരും ദിവസങ്ങളിൽ നടക്കും. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് മന്ത്രിസഭയിൽ പ്രമുഖ വകുപ്പുകൾ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.





















