കെഎസ്ഇബി അറിയിപ്പ്, വൈദ്യുതി നിയന്ത്രണം
കോഴിക്കോട്: വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ വരും ദിവസങ്ങളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുള്ളതായി കെഎസ്ഇബി അറിയിച്ചു. പവർഗ്രിഡ് കോർപ്പറേഷന്റെ (PGCIL) കോഴിക്കോട്ടെ പ്രധാന സബ്സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്നാണ് ഈ നടപടി. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് നിയന്ത്രണം ബാധകമാവുക.
കെഎസ്ഇബി അറിയിപ്പ്; തകരാർ പരിഹരിക്കാൻ ഒരാഴ്ച
കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ 500 എംവിഎ ശേഷിയുള്ള മൂന്നാം നമ്പർ ട്രാൻസ്ഫോർമറിന്റെ ബുഷിംഗിലാണ് തകരാർ കണ്ടെത്തിയത്. ഇത് പരിഹരിക്കുന്നതിനായി അടിയന്തിരമായി ഷട്ട്ഡൗൺ ആവശ്യമാണെന്ന് പവർഗ്രിഡ് കോർപ്പറേഷൻ കെഎസ്ഇബിയെ അറിയിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ട്രാൻസ്ഫോർമർ വീണ്ടും പ്രവർത്തനസജ്ജമാക്കാൻ ഏകദേശം ഏഴ് ദിവസമെടുക്കുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ.
വൈദ്യുതി നിയന്ത്രണം; ഉപഭോക്താക്കൾ സഹകരിക്കണം
ഉയർന്ന ശേഷിയുള്ള ഈ ട്രാൻസ്ഫോർമർ പ്രവർത്തനരഹിതമാകുന്നതോടെ മലബാറിലെ വൈദ്യുതി വിതരണത്തിൽ ലോഡ് ക്രമീകരിക്കേണ്ടി വരും. അതിനാൽ, പീക്ക് സമയങ്ങളിൽ (വൈകുന്നേരം 6 മുതൽ 11 വരെ) അത്യാവശ്യമില്ലാത്ത വൈദ്യുത ഉപകരണങ്ങൾ ഓഫാക്കി വെച്ചും വൈദ്യുതി ഉപയോഗം പരമാവധി കുറച്ചും ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു. ഓരോ പ്രദേശത്തെയും നിയന്ത്രണ സമയക്രമം പ്രാദേശിക കെഎസ്ഇബി ഓഫീസുകൾ വഴി ലഭ്യമാകും.






















