SSLC Result 2026
തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കാത്തിരിക്കുന്ന എസ്എസ്എൽസി പരീക്ഷാഫലം മുൻനിശ്ചയിച്ച പ്രകാരം മെയ് 15 വെള്ളിയാഴ്ച പ്രഖ്യാപിക്കാൻ സാധ്യത. ഫലം അന്തിമമായി വിലയിരുത്തുന്നതിനും പ്രഖ്യാപന തീയതി ഔദ്യോഗികമായി ഉറപ്പിക്കുന്നതിനുമായി പരീക്ഷാ ബോർഡ് യോഗം ഇന്ന് ചേരും. യോഗത്തിന് ശേഷം ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാൻ ഒരു ദിവസം കൂടി ആവശ്യമായതിനാലാണ് വെള്ളിയാഴ്ച തന്നെ ഫലം വരാൻ സാധ്യതയുള്ളത്.
പ്രഖ്യാപനം വൈകില്ല; പുതിയ മന്ത്രിക്കായി കാത്തിരിക്കേണ്ട
സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായെങ്കിലും പുതിയ സർക്കാർ അധികാരമേൽക്കാത്തത് ഫലപ്രഖ്യാപനത്തെ ബാധിക്കില്ലെന്നാണ് സൂചന. ഫലം പ്രഖ്യാപിക്കുന്നതിനായി പുതിയ വിദ്യാഭ്യാസ മന്ത്രി വരുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന് കെപിസിസി അധ്യക്ഷൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഭരണപരമായ പ്രതിസന്ധിയുണ്ടെങ്കിലും വിദ്യാർത്ഥികളുടെ തുടർപഠനത്തെ ബാധിക്കാത്ത രീതിയിൽ നടപടികൾ വേഗത്തിലാക്കാനാണ് നീക്കം.
ആര് പ്രഖ്യാപിക്കും?
സാധാരണയായി വിദ്യാഭ്യാസ മന്ത്രിയാണ് ഫലപ്രഖ്യാപനം നടത്താറുള്ളത്. എന്നാൽ നിലവിൽ മന്ത്രിയില്ലാത്ത സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറോ (DGE) വകുപ്പ് സെക്രട്ടറിമാരോ ഫലം പ്രഖ്യാപിക്കാനാണ് സാധ്യത. ഇക്കാര്യത്തിൽ പരീക്ഷാ ബോർഡ് യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. പരീക്ഷാ ബോർഡ് യോഗത്തിന് പിന്നാലെ ഫലം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് കരുതുന്നത്.





















