തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. രാവിലെ 10.15-ഓടെ ആരംഭിച്ച ചടങ്ങിൽ മുഖ്യമന്ത്രിക്ക് പിന്നാലെ 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഒരു പതിറ്റാണ്ടിന് ശേഷം കേരളത്തിൽ യു.ഡി.എഫ് ഭരണം തിരിച്ചെത്തിയ ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ പതിനായിരക്കണക്കിന് പ്രവർത്തകരാണ് തലസ്ഥാനത്തേക്ക് ഒഴുകിയെത്തിയത്.
ആറ് പതിറ്റാണ്ടിന് ശേഷം ഒരു മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും ഒരേ ദിവസം സത്യപ്രതിജ്ഞ ചെയ്യുന്നു എന്ന പ്രത്യേകത ഇത്തവണയുണ്ട്. ദൈവനാമത്തിലാണ് വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്തത്. 21 അംഗ മന്ത്രിസഭയിൽ യുവനിരയ്ക്കും വനിതകൾക്കും അർഹമായ പ്രാതിനിധ്യം നൽകിയിട്ടുണ്ട്. ബിന്ദു കൃഷ്ണ, കെ.എ. തുളസി എന്നിവർ മന്ത്രിസഭയിൽ വനിതാ സാന്നിധ്യമായപ്പോൾ, ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
സത്യപ്രതിജ്ഞാ ചടങ്ങിന് ആവേശം പകരാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ നേരിട്ടെത്തി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷികളായി.
മന്ത്രിസഭയിലെ പ്രമുഖർ:
-
കോൺഗ്രസ്: രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ടി. സിദ്ദിഖ്, ബിന്ദു കൃഷ്ണ, കെ.എ. തുളസി, റോജി എം. ജോൺ, എം. ലിജു, ഒ.ജെ. ജനീഷ്.
-
മുസ്ലിം ലീഗ്: പി.കെ. കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, പി.കെ. ബഷീർ, വി.ഇ. അബ്ദുൽ ഗഫൂർ.
-
മറ്റ് കക്ഷികൾ: മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി. ജോൺ.
പ്രധാനമന്ത്രി നരേന്ദ്ര മോദി വി.ഡി. സതീശനെ അഭിനന്ദനങ്ങൾ അറിയിക്കുകയും കേരളത്തിന്റെ വികസനത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.

























