Amritsar shooting News
അമൃത്സർ: ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് പിതാവിനെ വെടിവെച്ച് പരിക്കേൽപ്പിച്ച് യുവതി. പഞ്ചാബിലെ അമൃത്സറിനടുത്തുള്ള ഖൽചിയാൻ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 21 വയസ്സുകാരിയായ സ്നേഹ്ദീപ് കൗറാണ് പിതാവ് പർമീന്ദർ സിംഗിന് നേരെ വെടിയുതിർത്തത്. പരിക്കേറ്റ പർമീന്ദർ സിംഗിനെ ഗുരുനാനാക്ക് ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
മെയ് 14-ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്നേഹ്ദീപ് കൗർ ജീൻസും ടോപ്പും ധരിക്കുന്നതിനെ പർമീന്ദർ സിംഗ് നിരന്തരം എതിർത്തിരുന്നു. വസ്ത്രധാരണത്തെച്ചൊല്ലിയും വിദേശയാത്രയെച്ചൊല്ലിയും ഇരുവരും തമ്മിൽ വീട്ടിൽ പതിവായി തർക്കങ്ങൾ ഉണ്ടാകാറുണ്ടായിരുന്നു. സംഭവദിവസം തർക്കം രൂക്ഷമായതോടെ പ്രകോപിതയായ സ്നേഹ്ദീപ് പിതാവിന്റെ ലൈസൻസുള്ള റിവോൾവർ എടുത്ത് വെടിയുതിർക്കുകയായിരുന്നു. പർമീന്ദർ സിംഗിന്റെ പുറത്തും തോളിലുമാണ് വെടിയേറ്റത്.
ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നതെന്ന് അമൃത്സർ റൂറൽ എസ്.എസ്.പി സുഹൈൽ ഖാസിം മിർ പറഞ്ഞു. സ്നേഹ്ദീപ് കൗറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്ന് കൃത്യത്തിന് ഉപയോഗിച്ച റിവോൾവറും നാല് വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തു. പ്ലസ് ടു പഠനം കഴിഞ്ഞ സ്നേഹ്ദീപ് ഉപരിപഠനത്തിനായി ഓസ്ട്രേലിയയിലേക്ക് പോകാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ പിതാവ് ഇതിനെ എതിർത്തതാണ് വിരോധത്തിന് കാരണമെന്നും പോലീസ് സൂചിപ്പിച്ചു. എന്നാൽ ഇക്കാര്യം കുടുംബം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അറസ്റ്റ് ചെയ്ത യുവതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മകൾക്ക് മാനസിക സമ്മർദ്ദമുണ്ടായിരുന്നുവെന്നും കേസ് പിൻവലിക്കണമെന്നും പർമീന്ദർ സിംഗിന്റെ കുടുംബം പോലീസിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

























