ലണ്ടൻ: ഒന്റാറിയോയിലെ പ്രശസ്തമായ വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നടന്ന ക്ലോസ്ഡ്-ബുക്ക് പരീക്ഷയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് ഉത്തരം എഴുതിയ സംഭവത്തിൽ വിശദീകരണവുമായി വിദ്യാർത്ഥിനി രംഗത്ത്. ഹെൽത്ത് ലോ കോഴ്സിലെ ഫൈനൽ പരീക്ഷയിൽ ഭൂരിഭാഗം വിദ്യാർത്ഥികളും എഐ ഉപയോഗിച്ച് വലിയ രീതിയിൽ ക്രമക്കേട് നടത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രൊഫസർ പരീക്ഷാ ഫലം റദ്ദാക്കാൻ ഒരുങ്ങുന്നതിനിടെയാണ്, താൻ എന്തിനാണ് എഐ സഹായം തേടിയതെന്ന് വ്യക്തമാക്കി മുന്നൂറോളം വരുന്ന വിദ്യാർത്ഥികളിൽ ഒരാൾ ലണ്ടൻ ഫ്രീ പ്രസ്സിലൂടെ പരസ്യ പ്രതികരണം നടത്തിയത്.
വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ജേക്കബ് ഷെല്ലി നയിക്കുന്ന കോഴ്സിലാണ് വിവാദപരമായ സംഭവങ്ങൾ അരങ്ങേറിയത്. പ്രൊക്ടറിങ് സോഫ്റ്റ്‌വെയറുകൾ (പരീക്ഷാ നിരീക്ഷണ സംവിധാനങ്ങൾ) വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ മറികടക്കാൻ സാധിക്കുമെന്ന വിലയിരുത്തലിൽ, ഓൺലൈനായി നടത്തിയ ഈ ക്ലോസ്ഡ്-ബുക്ക് പരീക്ഷയിൽ അദ്ദേഹം പ്രത്യേക നിരീക്ഷണ സംവിധാനങ്ങൾ ഒന്നും ഏർപ്പെടുത്തിയിരുന്നില്ല. എന്നാൽ പരീക്ഷയ്ക്ക് ശേഷം ഉത്തരക്കടലാസുകൾ പരിശോധിച്ചപ്പോഴാണ് വിദ്യാർത്ഥികൾ വ്യവസ്ഥകൾ ലംഘിച്ച് എഐ ടൂളുകൾ വ്യാപകമായി ഉപയോഗിച്ചതായി പ്രൊഫസർ കണ്ടെത്തിയത്. പരീക്ഷയിൽ വലിയ തോതിൽ കൃത്രിമം നടന്നത് പകൽപോലെ വ്യക്തമാണെന്നും അതിനാൽ ഈ പരീക്ഷയുടെ മാർക്ക് ഗ്രേഡിംഗിനായി ഉപയോഗിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു.
പരീക്ഷയുടെ വിവരണാത്മക ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ താൻ നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ചതായി സമ്മതിച്ച വിദ്യാർത്ഥിനി, കോഴ്സിലെ കഠിനമായ സിലബസും ചോദ്യങ്ങളുടെ സങ്കീർണ്ണതയുമാണ് ഇതിലേക്ക് നയിച്ചതെന്ന് അവകാശപ്പെടുന്നു. പരമ്പരാഗത പഠനരീതികളിൽ നിന്നും വ്യത്യസ്തമായി എഐ ടൂളുകൾ വിവരങ്ങൾ വേഗത്തിൽ ക്രമീകരിക്കാൻ സഹായിക്കുമെന്നും, പരീക്ഷാ സമയത്തെ മാനസിക സമ്മർദ്ദം കുറയ്ക്കാനാണ് താൻ ഇതിന്റെ സഹായം തേടിയതെന്നുമാണ് വിദ്യാർത്ഥിനിയുടെ വാദം. എന്നാൽ, സർവ്വകലാശാലകളിൽ വർദ്ധിച്ചുവരുന്ന എഐ ദുരുപയോഗത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകാത്തതിനെ പ്രൊഫസർ ജേക്കബ് ഷെല്ലി രൂക്ഷമായി വിമർശിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇത്തരം അക്കാദമിക് അവിശ്വാസ്യതയ്ക്ക് നേരെ കണ്ണടയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.























