Borno children kidnapping
അബുജ: വടക്കുകിഴക്കൻ നൈജീരിയയിലെ ബോർണോ (Borno) സ്റ്റേറ്റിൽ സ്കൂളുകൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ അമ്പതിലധികം വിദ്യാർത്ഥികളെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി. വെള്ളിയാഴ്ച (മെയ് 15) രാവിലെ ബോർണോയിലെ മുസ്സ (Mussa) ഗ്രാമത്തിലാണ് സംഭവം. കാണാതായവരിൽ ഭൂരിഭാഗവും രണ്ട് മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങളാണെന്ന റിപ്പോർട്ടുകൾ വലിയ ആശങ്ക പരത്തുന്നുണ്ട്.
മോട്ടോർ ബൈക്കുകളിലെത്തിയ സായുധ സംഘം മുസ്സയിലെ മൂന്ന് സ്കൂളുകളെയാണ് ലക്ഷ്യമിട്ടത്. ഗവൺമെന്റ് ഡേ സെക്കൻഡറി സ്കൂൾ, മുസ്സ സെൻട്രൽ പ്രൈമറി സ്കൂൾ, സ്റ്റേറ്റ് യൂണിവേഴ്സൽ ബേസിസ് എഡ്യൂക്കേഷൻ ബോർഡ് സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നാണ് കുട്ടികളെ പിടിച്ചുകൊണ്ടുപോയത്. പ്രഭാത ക്ലാസുകൾ നടന്നു കൊണ്ടിരുന്ന സമയത്താണ് ഭീകരർ ഇരച്ചുകയറിയത്. കുട്ടികളെ ബൈക്കുകളിൽ കയറ്റി രക്ഷപ്പെടുന്നതിനായി അവരെ മനുഷ്യകവചമായി ഉപയോഗിച്ചതിനാൽ സുരക്ഷാ സേനയ്ക്ക് പെട്ടെന്ന് ഇടപെടാനോ വെടിയുതിർക്കാനോ സാധിച്ചില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, മേഖലയിൽ സജീവമായ ‘ബൊക്കോ ഹറാം’ അല്ലെങ്കിൽ ഐഎസ്ഡബ്ല്യുഎപി ഭീകരരാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. 32 കുട്ടികളെ സ്കൂളുകളിൽ നിന്നും 10 കുട്ടികളെ സ്കൂളിന് സമീപമുള്ള വീടുകളിൽ നിന്നുമാണ് തട്ടിക്കൊണ്ടുപോയതെന്ന് ബോർണോ സൗത്തിൽ നിന്നുള്ള സെനറ്റർ അലി എൻഡുമെ സ്ഥിരീകരിച്ചു.
നൈജീരിയയിൽ ഇതിനുമുൻപും സമാനമായ രീതിയിൽ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. 2014-ൽ ചീബോക്കിൽ നടന്ന മാസ് കിഡ്നാപ്പിംഗിന്റെ ഭീതി ഒഴിഞ്ഞിട്ടില്ലാത്ത ബോർണോയിൽ, വീണ്ടും സ്കൂൾ കുട്ടികൾ ലക്ഷ്യമാക്കപ്പെടുന്നത് രക്ഷിതാക്കളെയും അധികൃതരെയും ഒരുപോലെ പരിഭ്രാന്തിയിലാക്കുന്നു. കാണാതായ കുട്ടികളെ കണ്ടെത്താൻ നൈജീരിയൻ സൈന്യം വനമേഖലയിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

























