Canada cybercrime arrest
ഒട്ടാവ: ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളെയും ഇന്റർനെറ്റ് അധിഷ്ഠിത ഉപകരണങ്ങളെയും നിശ്ചലമാക്കിയ വൻകിട അന്താരാഷ്ട്ര സൈബർ ക്രൈം ശൃംഖലയ്ക്ക് പിന്നിൽ പ്രവർത്തിച്ച കനേഡിയൻ യുവാവ് ഒന്റാറിയോയിൽ പിടിയിലായി. ഒട്ടാവ സ്വദേശിയായ ജേക്കബ് ബട്ട്‌ലർ എന്ന ഹാക്കറെയാണ് കാനഡയുടെയും യുഎസിന്റെയും സംയുക്ത നീക്കത്തിലൂടെ ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) അറസ്റ്റ് ചെയ്തത്. അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ കമ്പ്യൂട്ടർ ശൃംഖലയെപ്പോലും തകിടം മറിച്ച വമ്പൻ സൈബർ കുറ്റകൃത്യത്തിന് പിന്നിലെ തലച്ചോറാണ് ഇയാളെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ആഗോളതലത്തിൽ ഭീതി വിതച്ച ‘കിംവുൾഫ്’, ‘ഐസുരു’ എന്നീ ബോട്ട്‌നെറ്റ് ശൃംഖലകൾ നിർമ്മിക്കുന്നതിലും നിയന്ത്രിക്കുന്നതിലും ജേക്കബ് ബട്ട്‌ലർ പ്രധാന പങ്കുവഹിച്ചതായി യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് കണ്ടെത്തി. വീടുകളിലും ഓഫീസുകളിലും ഉപയോഗിക്കുന്ന ഡിജിറ്റൽ ഫോട്ടോ ഫ്രെയിമുകൾ, വെബ് ക്യാമറകൾ തുടങ്ങിയ സാധാരണ ഇന്റർനെറ്റ് കണക്റ്റഡ് ഉപകരണങ്ങളിലേക്ക് വൈറസ് കടത്തിവിട്ടാണ് ഇയാൾ ഈ ബോട്ട്‌നെറ്റ് ശൃംഖല രൂപീകരിച്ചത്. തുടർന്ന് ഈ അടിമപ്പെടുത്തിയ ഉപകരണങ്ങളുടെ നിയന്ത്രണം ഇയാൾ ലോകമെമ്പാടുമുള്ള മറ്റ് സൈബർ ക്രിമിനലുകൾക്ക് പണത്തിന് വേണ്ടി വിൽക്കുകയായിരുന്നു പതിവ്.
അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ഇൻഫർമേഷൻ നെറ്റ്വർക്കിന്റെ ഐപി അഡ്രസുകൾക്ക് നേരെ സെക്കൻഡിൽ 30 ടെരാബിറ്റ്സ് എന്ന റെക്കോർഡ് വേഗതയിലുള്ള ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ ഓഫ് സർവീസ് ആക്രമണം നടത്തിയതും ഇതേ ബോട്ട്‌നെറ്റ് ഉപയോഗിച്ചാണ്. ചില ഇരകൾക്ക് ഒരു മില്യൺ ഡോളറിലധികം സാമ്പത്തിക നഷ്ടമാണ് ഈ ആക്രമണങ്ങളിലൂടെ ഉണ്ടായത്. ഇയാൾ മാത്രം 25,000-ത്തിലധികം സൈബർ ആക്രമണ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നാണ് എഫ്ബിഐ വ്യക്തമാക്കുന്നത്.
ഈ വർഷം മാർച്ചിൽ ജേക്കബിന്റെ ഒട്ടാവയിലെ വസതിയിൽ ഒന്റാറിയോ പോലീസ് നടത്തിയ റെയ്ഡിൽ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ ഇയാളുടെ ഐപി വിലാസങ്ങൾ, ഓൺലൈൻ ഇടപാട് രേഖകൾ, ക്രിമിനൽ ഫോറങ്ങളിലെ ആശയവിനിമയങ്ങൾ എന്നിവ പരിശോധിച്ചാണ് പ്രതിയിലേക്ക് അന്വേഷണസംഘം എത്തിയത്. യുഎസ്, ജർമ്മനി എന്നീ രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികൾ ഈ ബോട്ട്‌നെറ്റിന്റെ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ നേരത്തെ തന്നെ തകർത്തിരുന്നു.
കമ്പ്യൂട്ടറുകളുടെ അനധികൃത ഉപയോഗം, സൈബർ കുറ്റകൃത്യം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കനേഡിയൻ പോലീസ് നിലവിൽ ജേക്കബിനെ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച ഇയാളെ ഒന്റാറിയോ കോടതിയിൽ ഹാജരാക്കും. കമ്പ്യൂട്ടർ അധിനിവേശത്തിന് കൂട്ടുനിന്ന കുറ്റത്തിന് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുഎസിലേക്ക് നാടുകടത്താൻ സാധ്യതയുള്ള ജേക്കബിന് കുറ്റം തെളിയിക്കപ്പെട്ടാൽ പത്ത് വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം.





















