Madhu murder case
കൊച്ചി: കേരളത്തെ നടുക്കിയ അട്ടപ്പാടി മധു വധക്കേസിൽ നിർണ്ണായക വിധിയുമായി ഹൈക്കോടതി. കേസിലെ ഒന്നാം പ്രതിയായ താവളം പാക്കുളം മേച്ചേരിൽ ഹുസൈനെ കോടതി വെറുതെവിട്ടു. വിചാരണ കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ച ഹുസൈന്റെ അപ്പീൽ ഭാഗികമായി അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. എന്നാൽ കേസിലെ മറ്റ് 13 പ്രതികളും കുറ്റക്കാരാണെന്ന് ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, പി.ജി. അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
വിചാരണ കോടതി നേരത്തെ വെറുതെവിട്ടിരുന്ന രണ്ട് പ്രതികൾ കൂടി കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ട്. മണ്ണാർക്കാട് വിചാരണ കോടതി പ്രതികൾക്കെതിരെ എസ്സി-എസ്ടി (SC/ST) പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ വിചാരണ കോടതിയുടെ ഈ നിരീക്ഷണം ഹൈക്കോടതി പൂർണ്ണമായും റദ്ദാക്കി. പ്രതികൾക്കെതിരെ എസ്സി-എസ്ടി വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയതോടെ ഇവർക്കുള്ള ശിക്ഷാ കാലാവധി ഉയരുമെന്ന് ഉറപ്പായി.
പ്രതികൾക്ക് ലഭിച്ച കുറഞ്ഞ ശിക്ഷയ്ക്കെതിരെ മധുവിന്റെ കുടുംബവും, തങ്ങളെ ശിക്ഷിച്ചതിനെതിരെ പ്രതികളും സമർപ്പിച്ച അപ്പീലുകളിലാണ് ഹൈക്കോടതി അന്തിമ വിധി പ്രസ്താവിച്ചത്. പുതിയ കുറ്റപത്രത്തിലെ വകുപ്പുകൾ കൂടി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രതികൾക്കുള്ള പുതുക്കിയ ശിക്ഷാവിധി കോടതി പ്രഖ്യാപിക്കും.
പാലക്കാട് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകനായ 27കാരൻ മധുവിനെ 2018 ഫെബ്രുവരിയിലാണ് ആൾക്കൂട്ടം അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. അരിയും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. പ്രതികൾ തന്നെ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് കേസിൽ പ്രോസിക്യൂഷന് വലിയ ഡിജിറ്റൽ തെളിവായി മാറിയിരുന്നു.




















