Wild boar menace Kerala forest department mobile app
തിരുവനന്തപുരം: മലയോര മേഖലകളിലും ജനവാസ കേന്ദ്രങ്ങളിലും കർഷകർക്കും പൊതുജനങ്ങൾക്കും വലിയ ഭീഷണിയായ കാട്ടുപന്നി ശല്യത്തിന് തടയിടാൻ അത്യാധുനിക സംവിധാനവുമായി വനംവകുപ്പ്. മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനംവകുപ്പ് പുതിയ മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കുന്നു. പന്നിശല്യം രൂക്ഷമാകുന്ന ഘട്ടങ്ങളിൽ ഏറ്റവും അടുത്തുള്ള ലൈസൻസുള്ള ഷൂട്ടറുടെ സേവനം കൃത്യസമയത്ത് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല നിയന്ത്രണ സമിതി യോഗത്തിലാണ് ഈ പുതിയ ആപ്പിന്റെ രൂപീകരണത്തെക്കുറിച്ച് ചർച്ച ചെയ്തത്. ആപ്ലിക്കേഷൻ തയ്യാറാക്കാനുള്ള സാങ്കേതിക നടപടികൾ അടിയന്തരമായി വേഗത്തിലാക്കാൻ കളക്ടർ വനംവകുപ്പിന് നിർദ്ദേശം നൽകി. പാമ്പുകളെ സുരക്ഷിതമായി പിടികൂടാൻ വനംവകുപ്പ് നേരത്തെ വിജയകരമായി നടപ്പിലാക്കിയ ‘സർപ്പ’ ആപ്പിന്റെ അതേ മാതൃകയിലാണ് പുതിയ ആപ്പും വികസിപ്പിക്കുന്നത്.
ഏതെങ്കിലും പ്രദേശത്ത് കാട്ടുപന്നിയുടെ സാന്നിധ്യമോ നാശനഷ്ടങ്ങളോ ഉണ്ടായാൽ, ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സമീപപ്രദേശങ്ങളിലെ ഷൂട്ടർമാർക്ക് ജിപിഎസ് അധിഷ്ഠിതമായി അലർട്ട് സന്ദേശങ്ങൾ ലഭിക്കും. സുരക്ഷയും സുതാര്യതയും ഉറപ്പാക്കാൻ വാർഡ് അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറിമാർ, ജാഗ്രതാ സമിതി കോ-ഓർഡിനേറ്റർമാർ എന്നിവരുടെ ഫോൺ നമ്പറുകളും ഈ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലിങ്ക് ചെയ്യും. ഷൂട്ടർമാരുടെ കുറവ് പരിഹരിക്കാൻ പഞ്ചായത്ത് തലത്തിൽ കൂടുതൽ തോക്ക് ലൈസൻസുള്ളവരെ ഉൾപ്പെടുത്തി വിപുലമായ പാനലും രൂപീകരിക്കും.
കാട്ടുപന്നികൾക്ക് പുറമെ കുരങ്ങ്, മയിൽ തുടങ്ങിയ വന്യജീവികൾ ഉണ്ടാക്കുന്ന ശല്യം നിയന്ത്രിക്കാൻ പഞ്ചായത്ത് തലത്തിൽ പ്രാദേശിക ‘റെസ്പോൺസ് ടീമുകൾ’ രൂപീകരിക്കും. ഇവർക്ക് വനംവകുപ്പ് പ്രത്യേക പ്രതിരോധ പരിശീലനം നൽകും. വന്യമൃഗങ്ങൾ താവളമാക്കുന്ന തരത്തിൽ കാടുപിടിച്ചു കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ എസ്റ്റേറ്റുകൾ, വ്യവസായ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള സ്ഥലങ്ങൾ എന്നിവ കൃത്യമായി മാപ്പ് ചെയ്ത് വൃത്തിയാക്കാനും അടിക്കാടുകൾ വെട്ടിമാറ്റാനും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി പഞ്ചായത്തുകളിൽ ഫോറസ്റ്റ് ലെയ്സൺ ഓഫീസർമാരെയും നിയോഗിക്കും.




















