St Thomas woman death manslaughter charge
സെന്റ് തോമസ് : കാനഡ ഒന്റാറിയോയിലെ സെന്റ് തോമസിൽ യുവതിക്ക് മാരകമായ ലഹരിപദാർത്ഥം നൽകി മരണത്തിലേക്ക് തള്ളിവിട്ട കേസിൽ 46 കാരൻ അറസ്റ്റിൽ. മേയ് 30-നാണ് സെന്റ് തോമസ് ഡൗൺടൗണിലെ ഒരു വസതിയിൽ 28 കാരിയായ യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു.
തുടർന്ന് സെന്റ് തോമസ് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് യുവതിയുടെ മരണത്തിന് കാരണമായ ഫെന്റാനിൽ ഉൾപ്പെടെയുള്ള മാരക ലഹരിമരുന്ന് കൈമാറിയ പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളെ കഴിഞ്ഞദിവസം സമീപ പ്രദേശമായ എൽമറിൽ വെച്ചാണ് പോലീസ് പിടികൂടിയത്. പ്രതിക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യ, മാരക ലഹരിമരുന്ന് കടത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി റിമാൻഡ് ചെയ്തു. കൊല്ലപ്പെട്ട യുവതിയുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
മറ്റൊരു സംഭവത്തിൽ, കാനഡയിലെ വിൻസർ, അംഹെർസ്റ്റ്ബർഗ് മേഖലകളിൽ കഴിഞ്ഞ വാരാന്ത്യത്തിൽ ലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ നാലുപേരെ വിൻസർ പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ ആദ്യ സംഭവത്തിൽ ഊലറ്റ് അവന്യൂവിൽ സിഗ്നലിൽ വാഹനം നിർത്തി അബോധാവസ്ഥയിലായ 42 കാരനെ കാറിന്റെ ചില്ല് തകർത്താണ് പോലീസ് രക്ഷപ്പെടുത്തിയതും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയതും.
രണ്ടാമത്തെ സംഭവത്തിൽ ഊലറ്റ് അവന്യൂവിൽ തന്നെ നിർത്തിയിട്ടിരുന്ന കാറിലേക്ക് ഇ-ബൈക്ക് ഇടിച്ചുകയറ്റിയ 56 കാരൻ പിടിയിലായി. മൂന്നാമതായി അംഹെർസ്റ്റ്ബർഗിൽ എതിരെ വന്ന വാഹനങ്ങളിലേക്ക് അശ്രദ്ധമായി കാർ ഓടിച്ചുകയറ്റിയ 63 കാരനാണ് അറസ്റ്റിലായത്. നാലാമത്തെ സംഭവത്തിൽ ടെകാംസെ റോഡിൽ പോലീസ് കൈകാണിച്ചിട്ടും നിർത്താതെ അമിതവേഗതയിൽ പാഞ്ഞുപോയ 61 കാരനായ ഡ്രൈവറെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പിടിയിലായ നാലുപേരും പരിധിയിൽ കൂടുതൽ മദ്യപിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.
Aylmer drug trafficking arrest Schedule I substance

























