ഒട്ടാവ: വിദേശത്ത് ജനിക്കുന്ന കനേഡിയൻ വംശജരുടെ പൗരത്വ അവകാശങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തുന്ന പുതിയ നിയമം കാനഡയിൽ പ്രാബല്യത്തിൽ വന്നു. ‘ബിൽ സി-3’ എന്ന ഈ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നതോടെ വിദേശത്ത് ജനിക്കുന്ന അടുത്ത തലമുറയിലെ കുട്ടികൾക്ക് കനേഡിയൻ പൗരത്വം സ്വയമേവ ലഭിക്കില്ലെന്ന കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മുൻപുണ്ടായിരുന്ന പൗരത്വ നിയമങ്ങളിലെ തടസ്സങ്ങൾ നീക്കി കനേഡിയൻ വംശാവലിയുള്ള ആയിരക്കണക്കിന് ആളുകൾക്ക് പുതിയ നിയമം പൗരത്വം ഉറപ്പാക്കുന്നുണ്ടെങ്കിലും വരുംതലമുറകൾക്ക് ഇത് കടുത്ത നിബന്ധനകളാണ് മുന്നോട്ടുവെക്കുന്നത്.
വിദേശത്ത് ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം ലഭിക്കണമെങ്കിൽ മാതാപിതാക്കൾക്ക് കാനഡയുമായി വ്യക്തമായ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ‘സബ്സ്റ്റാൻഷ്യൽ കണക്ഷൻ ടെസ്റ്റ്’ നിർബന്ധമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് വിദേശത്ത് ജനിച്ച കനേഡിയൻ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടിയുടെ ജനനത്തിന് മുൻപ് കുറഞ്ഞത് മൂന്ന് വർഷമെങ്കിലും (1,095 ദിവസങ്ങൾ) കാനഡയിൽ താമസിച്ച ചരിത്രം ഉണ്ടായിരിക്കണം. ഈ ശാരീരിക സാന്നിധ്യം തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ കുട്ടികൾക്ക് കനേഡിയൻ പൗരത്വത്തിന് അർഹതയുണ്ടാകില്ല.
എന്നാൽ ഈ നിയമം വരുംതലമുറകളെ വ്യത്യസ്ത രീതിയിലാണ് ബാധിക്കുകയെന്ന് ഇമ്മിഗ്രേഷൻ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന്, ഒരേ കുടുംബത്തിൽ 2025 ഡിസംബർ 15-ന് മുൻപ് വിദേശത്ത് ജനിച്ച ആദ്യ കുട്ടിക്കും മാതാപിതാക്കൾക്കും പുതിയ നിയമപ്രകാരം യാന്ത്രികമായി പൗരത്വം ലഭിക്കും. എന്നാൽ ഇതേ കുടുംബത്തിൽ അതിനുശേഷം വിദേശത്ത് ജനിക്കുന്ന രണ്ടാമത്തെ കുട്ടിക്ക് പൗരത്വം ലഭിക്കണമെങ്കിൽ മാതാപിതാക്കൾ കാനഡയിൽ മൂന്ന് വർഷം താമസിച്ച രേഖകൾ ഹാജരാക്കേണ്ടി വരും. കാനഡയ്ക്ക് പുറത്ത് ജീവിക്കുന്ന കുടുംബങ്ങളിലെ തുടർന്നുള്ള തലമുറകൾക്ക് പൗരത്വത്തിന്റെ വാതിലുകൾ അടയുന്ന സാഹചര്യം ഇതിലൂടെയുണ്ടാകും.
അതേസമയം വിദേശത്ത് താമസിക്കുന്ന കനേഡിയൻ പൗരന്മാർക്ക് ഈ പ്രതിസന്ധി മറികടക്കാൻ നിയമപരമായ ഒരു വഴിയുണ്ടെന്നും വിദഗ്ദ്ധർ വ്യക്തമാക്കുന്നു. കാനഡ തങ്ങളുടെ മണ്ണിൽ ജനിക്കുന്ന ഏതൊരാൾക്കും മാതാപിതാക്കളുടെ ഇമിഗ്രേഷൻ പശ്ചാത്തലം നോക്കാതെ തന്നെ ജനനാലുള്ള പൗരത്വം നൽകുന്നുണ്ട്. അതിനാൽ വിദേശത്തുള്ള ഇത്തരം കനേഡിയൻ മാതാപിതാക്കൾ പ്രസവത്തിനായി കാനഡയിൽ എത്തിയാൽ ജനിക്കുന്ന കുട്ടികൾക്ക് ആദ്യ ദിവസം മുതൽ തന്നെ യാതൊരു നിബന്ധനകളുമില്ലാതെ കനേഡിയൻ പൗരത്വം ലഭിക്കും. കനേഡിയൻ പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ നിയമപരമായ അവകാശമുള്ളതിനാൽ ഈ മാർഗ്ഗം എളുപ്പത്തിൽ പ്രയോജനപ്പെടുത്താം.
Canada Bill C-3 citizenship by descent rule
























