Nipah virus Kerala Kozhikode fresh case
ന്യൂഡൽഹി: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സാഹചര്യം അതീവ ഗൗരവത്തോടെ വീക്ഷിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാനത്തെ നിലവിലെ ആരോഗ്യ അടിയന്തരാവസ്ഥ കേന്ദ്ര ആരോഗ്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും രോഗവ്യാപനം തടയാൻ ആവശ്യമായ എല്ലാ സാങ്കേതിക-വൈദ്യസഹായങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. രോഗബാധ സംശയിക്കുന്ന ഫറോക്ക് സ്വദേശിയായ 43 കാരന്റെ സമ്പർക്കപ്പട്ടികയും റൂട്ട് മാപ്പും ഇതിനകം തയാറാക്കിയിട്ടുണ്ട്.
രോഗിയുടെ ശരീരദ്രവ സാമ്പിളുകൾ അടിയന്തരമായി പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് ലാബിലെ പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പുണെയിൽ നിന്നുള്ള ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമേ വൈറസ് ബാധയുടെ തീവ്രതയും ഉറവിടവും സംബന്ധിച്ച് കൃത്യമായ വ്യക്തത വരികയുള്ളൂ. നിലവിൽ വെന്റിലേറ്ററിലുള്ള രോഗിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
നിപ വൈറസ് ബാധ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും മുൻപ് നിശ്ചയിച്ചിട്ടുള്ള കേന്ദ്ര സ്റ്റാൻഡേർഡ് പ്രോട്ടോക്കോളുകളും പ്രവർത്തന നടപടിക്രമങ്ങളും കർശനമായി നടപ്പിലാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കോഴിക്കോട് കളക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. നിലവിൽ 58 ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 77 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ ഹൈ റിസ്ക് വിഭാഗത്തിലുള്ള 15 പേരെ നിലവിൽ ക്വാറന്റീനിലേക്ക് മാറ്റി.
സംസ്ഥാന ആരോഗ്യ വകുപ്പുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും ആവശ്യമായ മരുന്നുകളും വിദഗ്ധോപദേശങ്ങളും നൽകാൻ കേന്ദ്രസംഘം സന്നദ്ധമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മേയ് മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങൾ നിപ വ്യാപനത്തിന് കടുത്ത സാധ്യതയുള്ള കാലയളവായതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. വവ്വാലുകളുടെ സാന്നിധ്യമുള്ള മേഖലകളിൽ പോകുന്നവർ മാസ്കും ഗ്ലൗസും ധരിക്കണമെന്നും വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിക്കരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.




















