What is Doomjobbing job search trend
ടൊറന്റോ: സോഷ്യൽ മീഡിയയിലെ ‘ഡൂംസ്ക്രോളിംഗ്’ പോലെ ഇപ്പോൾ ആഗോള തൊഴിൽ വിപണിയെ കടുത്ത പ്രതിസന്ധിയിലാഴ്ത്തുന്ന പുതിയൊരു പ്രവണതയായി ‘ഡൂംജോബിംഗ്’ മാറുന്നു. കാനഡ ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിലെ കടുത്ത മത്സരവും സാമ്പത്തിക അനിശ്ചിതത്വവും കാരണം, യാതൊരു ലക്ഷ്യവുമില്ലാതെ നൂറുകണക്കിന് ജോലികൾക്ക് കൂട്ടത്തോടെ അപേക്ഷിക്കുന്ന രീതിയാണിത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ടൂളുകൾ വ്യാപകമായതോടെ ഈ ട്രെൻഡ് സമീപകാലത്ത് വലിയ രീതിയിൽ വർദ്ധിച്ചിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.
തങ്ങൾക്ക് അനുയോജ്യമാണോ എന്ന് പോലും ചിന്തിക്കാതെ, കുറഞ്ഞ ശ്രദ്ധയോടും താല്പര്യത്തോടും കൂടി ഒരേസമയം നിരവധി കമ്പനികളിലേക്ക് ബയോഡാറ്റകൾ അയക്കുന്നതിനെയാണ് ഡൂംജോബിംഗ് എന്ന് വിശേഷിപ്പിക്കുന്നത്. ലിങ്ക്ഡ്ഇൻ, ഇൻഡീഡ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ ‘ഈസി അപ്ലൈ’ ഫീച്ചറുകളും എഐ ടൂളുകളും വഴി വളരെ എളുപ്പത്തിൽ അപേക്ഷിക്കാൻ സാധിക്കുന്നത് കൊണ്ടാണ് ഉദ്യോഗാർത്ഥികൾ ഈ വഴി തിരഞ്ഞെടുക്കുന്നത്. കാനഡയിലെ തൊഴിൽ വിപണിയിലെ കടുത്ത മത്സരവും ഭാവിയെക്കുറിച്ചുള്ള ഭയവുമാണ് ഇതിന് പിന്നിലെന്ന് പ്രമുഖ റിക്രൂട്ട്‌മെന്റ് ഏജൻസിയായ റാൻഡ്സ്റ്റാഡ് കാനഡ വ്യക്തമാക്കുന്നു.
കൂറേ അധികം ജോലികൾക്ക് അപേക്ഷിക്കുന്നത് വഴി ജോലി കിട്ടാനുള്ള സാധ്യത കൂടുമെന്ന് ഉദ്യോഗാർത്ഥികൾ കരുതുന്നുണ്ടെങ്കിലും ഫലം മറിച്ചാണെന്ന് പ്രമുഖ ജോബ് സൈറ്റായ ഇൻഡീഡ് വ്യക്തമാക്കുന്നു. വ്യക്തമായ പ്ലാനിംഗ് ഇല്ലാതെ മാസ്സ് ആയി അപേക്ഷിക്കുന്നത് പെട്ടെന്ന് തന്നെ ഉദ്യോഗാർത്ഥികളിൽ കടുത്ത മടുപ്പും മാനസിക നിരാശയും ഉണ്ടാക്കും. അതുപോലെ തന്നെ, എഐ ഉപയോഗിച്ച് തരംതിരിക്കാതെ തയ്യാറാക്കുന്ന ബയോഡാറ്റകൾ എല്ലാം ഒരേപോലെ ഇരിക്കുന്നതിനാൽ യഥാർത്ഥ പ്രതിഭകളെ കണ്ടെത്താൻ കമ്പനികളുടെ എച്ച്.ആർ ടീമുകൾക്ക് വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. റോബർട്ട് ഹാഫ് നടത്തിയ സർവേ പ്രകാരം അറുപത്തിനാല് ശതമാനത്തോളം കമ്പനികളും വ്യാജവും കൃത്രിമവുമായ ഇത്തരം അപേക്ഷകൾ കാരണം വലിയ പ്രതിസന്ധിയിലാണ്.
അപേക്ഷകളുടെ എണ്ണത്തിലല്ല, മറിച്ച് അതിന്റെ ഗുണനിലവാരത്തിലാണ് കാര്യമെന്ന് വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു. അപേക്ഷിക്കുന്നതിന് മുൻപ് ആ ജോലി നിങ്ങളുടെ പ്രൊഫൈലിന് അനുയോജ്യമാണോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കമ്പനിയുടെ പശ്ചാത്തലം മനസ്സിലാക്കാൻ എഐ ഒരു സഹായിയായി മാത്രം ഉപയോഗിക്കുകയാണ് വേണ്ടത്. എല്ലാവരും ഉപയോഗിക്കുന്ന ഒരേ തരം എഐ ഫോർമാറ്റുകൾക്ക് പകരം നിങ്ങളുടെ യഥാർത്ഥ കഴിവും വ്യക്തിത്വവും ബയോഡാറ്റയിൽ പ്രതിഫലിക്കണം. കേവലം ഓൺലൈൻ അപേക്ഷകളിൽ മാത്രം ഒതുങ്ങാതെ ലിങ്ക്ഡ്ഇൻ വഴി കമ്പനികളിലെ ഹയറിംഗ് മാനേജർമാരുമായി നേരിട്ട് ബന്ധപ്പെടാൻ ശ്രമിക്കുന്നതും മികച്ച ഫലം നൽകും.





















