India considering Canada crude oil supplier
ന്യൂഡൽഹി: ആഗോള ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ രാജ്യത്തിന്റെ ഇന്ധന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി കാനഡയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് ഇന്ത്യ ആലോചിക്കുന്നു. കാനഡയിൽ നിന്നുള്ള എണ്ണ ലഭ്യമാക്കുന്നതിനായുള്ള വിപണി സാധ്യതകൾ ഇന്ത്യ സജീവമായി പരിശോധിച്ചുവരികയാണെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേഷ് പട്നായിക് അറിയിച്ചു. കാനഡയിലെ ആൽബർട്ടയിലുള്ള കാൽഗറിയിൽ നടന്ന ‘ഗ്ലോബൽ എനർജി ഷോ’യിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കാനഡയിൽ വൻതോതിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ‘ഹെവി ക്രൂഡ്’ വിഭാഗത്തിൽപ്പെട്ട എണ്ണ കൃത്യമായി സംസ്കരിച്ചെടുക്കാൻ ശേഷിയുള്ള അത്യാധുനിക റിഫൈനറികൾ നിലവിൽ ഇന്ത്യയിലുണ്ടെന്ന് ഹൈക്കമ്മീഷണർ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ കനേഡിയൻ എണ്ണ ഗ്രേഡുകൾ ഇന്ത്യയ്ക്ക് ഏറ്റവും അനുയോജ്യമായ ഓപ്ഷനാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഊർജ്ജ സഹകരണം മെച്ചപ്പെടുത്തുന്നതിനും എണ്ണ ഇറക്കുമതി ചെയ്യുന്നതിനുമായി ഉദ്യോഗസ്ഥതലത്തിൽ പതിവായി ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികളും കാരണം ആഗോള എണ്ണ വിപണിയിൽ വൻതോതിൽ വിലക്കയറ്റവും വിതരണ തടസ്സങ്ങളും നേരിടുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ നിർണ്ണായക നീക്കം. നിലവിൽ പശ്ചിമേഷ്യ, റഷ്യ, യുഎസ്, ലാറ്റിൻ അമേരിക്ക തുടങ്ങിയ രാജ്യങ്ങളെയാണ് ഇന്ത്യ ഇന്ധനത്തിനായി പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ, കാനഡയിലെ കടുത്ത റെഗുലേറ്ററി സംവിധാനങ്ങളും പദ്ധതികൾക്ക് അനുമതി ലഭിക്കുന്നതിലെ കാലതാമസവും കാരണം ആഗോള നിക്ഷേപകർക്കിടയിൽ നിലനിൽക്കുന്ന ആശങ്കകൾ ഈ സഹകരണത്തിന്റെ വേഗതയെ ബാധിച്ചേക്കാമെന്നും ദിനേഷ് പട്നായിക് സൂചിപ്പിച്ചു.
ലോകത്തെ നാലാമത്തെ വലിയ ക്രൂഡ് ഓയിൽ ഉൽപ്പാദകരും അഞ്ചാമത്തെ വലിയ പ്രകൃതിവാതക ഉൽപ്പാദകരുമാണ് കാനഡ. നിലവിൽ കാനഡയുടെ ഇന്ധന കയറ്റുമതിയിൽ സിംഹഭാഗവും അമേരിക്കയിലേക്കാണ് പോകുന്നത്. എന്നാൽ തങ്ങളുടെ ട്രാൻസ് മൗണ്ടൻ പൈപ്പ്‌ലൈൻ പൂർണ്ണ ശേഷി കൈവരിച്ച പശ്ചാത്തലത്തിൽ, അമേരിക്കയ്ക്ക് പുറമെ അതിവേഗം വളരുന്ന ഏഷ്യൻ വിപണികളിലേക്ക് കൂടി ഇന്ധന കയറ്റുമതി വ്യാപിപ്പിക്കാൻ കാനഡയും ഏറെ താല്പര്യപ്പെടുന്നുണ്ട്.





















