Russia car bomb explosion Moscow
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്ക് സമീപം ഉന്നത സൈനിക ഉദ്യോഗസ്ഥൻ കാർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. റഷ്യൻ സായുധ സേനയുടെ ആർട്ടിലറി, മിസൈൽ വെടിക്കോപ്പുകളുടെ വിതരണ വിഭാഗം തലവനായ കേണൽ ദമീർ ദവിദോവ് (57) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. മോസ്കോയുടെ കിഴക്കൻ അതിർത്തിയോട് ചേർന്നുള്ള ബാലാഷിഖ നഗരത്തിലെ സൈനിക ക്വാർട്ടേഴ്സുകൾ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ മേഖലയിലാണ് സ്ഫോടനമുണ്ടായത്.
ചൊവ്വാഴ്ച പുലർച്ചെ 5.30 ഓടെ ദമീർ ദവിദോവ് വാഹനം ഓടിച്ചു പോകുമ്പോഴാണ് കാറിനടിയിൽ ഘടിപ്പിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ അദ്ദേഹം സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു എക്സ് 3 എസ്യുവി കാർ പൂർണ്ണമായും തകർന്നു. സ്ഫോടനത്തിന് പിന്നാലെ തീപിടിച്ച വാഹനം നിയന്ത്രണം വിട്ട് സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ ഓടിയെത്തി കത്തുന്ന കാറിനുള്ളിൽ നിന്ന് ദവിദോവിനെ പുറത്തെടുത്തുവെങ്കിലും ഗുരുതരമായി പൊള്ളലേറ്റ അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരണത്തിന് കീഴടങ്ങി.
യുക്രെയ്നിൽ റഷ്യ പൂർണ്ണതോതിലുള്ള അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യൻ മണ്ണിൽ സൈനിക ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് നടക്കുന്ന ആസൂത്രിത കൊലപാതക പരമ്പരകളിലെ ഒടുവിലത്തെ സംഭവമാണിത്. റഷ്യൻ സായുധ സേനയിലേക്ക് വെടിക്കോപ്പുകളും ആയുധങ്ങളും എത്തിക്കുന്ന സുപ്രധാന ലോജിസ്റ്റിക്സ് ചുമതലയാണ് 57 കാരനായ ദമീർ ദവിദോവ് കൈകാര്യം ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗം കൃത്യമായി നിരീക്ഷിച്ച ശേഷമാണ് ഈ ആക്രമണം നടത്തിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സംഭവത്തെക്കുറിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ വിവരമറിയിച്ചതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് സ്ഥിരീകരിച്ചു. എന്നാൽ നിലവിൽ നടക്കുന്ന അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ സുരക്ഷാ കാരണങ്ങളാൽ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. കടുത്ത സുരക്ഷാ വീഴ്ചയാണ് റഷ്യൻ തലസ്ഥാനത്തിന് തൊട്ടടുത്ത് സംഭവിച്ചിരിക്കുന്നത്. ഇതിന് മുൻപ് ഇതേ പ്രദേശത്തിന് വെറും ഒരു കിലോമീറ്റർ മാത്രം അകലെ വെച്ചാണ് റഷ്യൻ സായുധ സേനയുടെ ഡെപ്യൂട്ടി ചീഫ് ലഫ്റ്റനന്റ് ജനറൽ യാരോസ്ലാവ് മോസ്കാലിക് സമാനമായ കാർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.
Russian military official killed BMW X3 explosion
























