Indian Consulate Toronto advisory for students Canada
ടൊറന്റോ: കാനഡയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും അവിടെ ഉപരിപഠനം നടത്തുന്ന ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾക്കുമായി ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ പുതിയ അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കാനഡയിലെ മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യങ്ങളും വർദ്ധിച്ചുവരുന്ന ഓൺലൈൻ, ഇമിഗ്രേഷൻ തട്ടിപ്പുകളും മുൻനിർത്തിയാണ് കാനഡയിലെ ഇന്ത്യൻ സമൂഹത്തിന് കോൺസുലേറ്റ് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.
Advisory on Scam and Fraud Calls:@HCI_Ottawa @MEAIndia pic.twitter.com/GD0vOnilnn
— IndiainToronto (@IndiainToronto) June 10, 2026
കാനഡയിൽ സമീപകാലത്തായി ഇന്ത്യൻ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വ്യാജ പാർട്ട് ടൈം ജോലി വാഗ്ദാനങ്ങളും കോൺടാക്റ്റ് അപ്ഡേഷൻ തട്ടിപ്പുകളും വർദ്ധിച്ചുവരുന്നതായി കോൺസുലേറ്റ് ചൂണ്ടിക്കാണിക്കുന്നു. ഔദ്യോഗിക ഏജൻസികളിൽ നിന്നെന്ന വ്യാജേന വരുന്ന അജ്ഞാത ഫോൺ കോളുകളോടും ഇമെയിലുകളോടും ഉദ്യോഗാർത്ഥികൾ കടുത്ത ജാഗ്രത പാലിക്കണം. വ്യക്തിഗത വിവരങ്ങളോ ബാങ്ക് അക്കൗണ്ട് രേഖകളോ ഒരുകാരണവശാലും ഇത്തരം അപരിചിതരുമായി പങ്കുവെക്കരുതെന്ന് അധികൃതർ കർശനമായി ഓർമ്മിപ്പിച്ചു.
അതുപോലെ തന്നെ, കാനഡയിലെത്തുന്ന പുതിയ വിദ്യാർത്ഥികൾ തങ്ങളുടെ സുരക്ഷ മുൻനിർത്തി ഇന്ത്യൻ കോൺസുലേറ്റിന്റെ ഔദ്യോഗിക പോർട്ടലായ ‘മദാദ്’ അല്ലെങ്കിൽ കോൺസുലേറ്റ് വെബ്സൈറ്റിൽ കൃത്യമായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ വിദ്യാർത്ഥികളിലേക്ക് വേഗത്തിൽ സഹായം എത്തിക്കാൻ ഇത് നയതന്ത്ര ഉദ്യോഗസ്ഥരെ സഹായിക്കും. സർവ്വകലാശാലകളിലും കോളേജുകളിലും നിലവിലുള്ള ഇന്ത്യൻ സ്റ്റുഡന്റ് അസോസിയേഷനുകളുമായി എപ്പോഴും സമ്പർക്കം പുലർത്താനും നിർദ്ദേശമുണ്ട്.
വിദ്യാർത്ഥികൾ കാനഡയിലെ പ്രാദേശിക നിയമങ്ങളും വിസ ചട്ടങ്ങളും പൂർണ്ണമായും പാലിക്കണമെന്നും കോൺസുലേറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പഠനത്തോടൊപ്പം ചെയ്യാവുന്ന തൊഴിൽ സമയ പരിധികൾ ലംഘിക്കുന്നത് നിയമനടപടികൾക്കും നാടുകടത്തലിനും കാരണമായേക്കാം. കാനഡയിൽ എന്തെങ്കിലും തരത്തിലുള്ള അടിയന്തര സുരക്ഷാ പ്രശ്നങ്ങളോ തട്ടിപ്പുകളോ നേരിടേണ്ടി വന്നാൽ ഉടൻ തന്നെ പ്രാദേശിക പോലീസിനെയും ഒപ്പം കോൺസുലേറ്റിന്റെ ഹെൽപ്പ്ലൈൻ നമ്പറുകളിലും ബന്ധപ്പെടണമെന്ന് അധികൃതർ വ്യക്തമാക്കി.





















