തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ ഏറ്റവും വലിയ സമ്പന്നയായി എഐഎഡിഎംകെ (AIADMK) സ്ഥാനാർത്ഥി ലീമ റോസ് ശ്രദ്ധനേടുന്നു. തിരുച്ചിറപ്പള്ളി ജില്ലയിലെ ലാൽഗുഡി മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന ലീമ റോസിന്റെയും കുടുംബത്തിന്റെയും ആകെ ആസ്തി 5863 കോടി രൂപയാണെന്ന് നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. വിദ്യാഭ്യാസ യോഗ്യതയിൽ ആറാം ക്ലാസ് വരെ മാത്രം പഠിച്ച ഒരാൾ ഇത്രയും വലിയ ആസ്തി വെളിപ്പെടുത്തിയത് രാഷ്ട്രീയ വൃത്തങ്ങളിലും വോട്ടർമാർക്കിടയിലും വലിയ ചർച്ചയായിരിക്കുകയാണ്.
സത്യവാങ്മൂലം പ്രകാരം ലീമ റോസിന്റെ പേരിൽ മാത്രം 139 കോടി രൂപയുടെ ചരാസ്തിയും 910 കോടി രൂപയുടെ നിശ്ചല ആസ്തിയുമുണ്ട്. പ്രമുഖ വ്യവസായിയായ ഭർത്താവ് മാർട്ടിന്റെ പേരിൽ 3,262 കോടി രൂപയുടെ സ്വത്തുക്കളും 887 കോടിയുടെ നിശ്ചല ആസ്തിയുമാണുള്ളത്. ഇവരുടെ മകൻ ജോസ് ഡൈസൺ മാർട്ടിന് 664 കോടി രൂപയുടെ ആസ്തിയുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ലീമ റോസ് 9.82 കോടി രൂപയും ഭർത്താവ് 11.39 കോടി രൂപയുമാണ് വരുമാനമായി കാണിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം രൂപ ലീമയുടെ കൈവശവും 56 ലക്ഷം രൂപ ഭർത്താവിന്റെ പക്കലും നിലവിൽ പണമായുണ്ട്.
സ്വർണ്ണത്തിന്റെയും വജ്രത്തിന്റെയും വൻ ശേഖരമാണ് ഈ കുടുംബത്തിനുള്ളതെന്ന് സത്യവാങ്മൂലം വെളിപ്പെടുത്തുന്നു. ലീമ റോസിന്റെ കൈവശം 19.2 കിലോഗ്രാം സ്വർണ്ണവും 131.8 കിലോഗ്രാം വെള്ളിയും 1,217 കാരറ്റ് വജ്രവുമുണ്ട്. കൂടാതെ 32 ഗ്രാം പ്ലാറ്റിനവും ഇവർക്കുണ്ട്. സാമ്പത്തികമായി ഇത്രയേറെ മുന്നിലാണെങ്കിലും തിരുവാടാനൈയിലെ സർക്കാർ സ്കൂളിൽ ആറാം ക്ലാസ് വരെ മാത്രമാണ് ഇവർ പഠിച്ചിട്ടുള്ളത്. തന്റെ പേരിൽ നാല് ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന വിവരവും ലീമ പത്രികയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
തമിഴ്‌നാട് തിരഞ്ഞെടുപ്പ് പോരാട്ടം മുറുകുന്നതിനിടെ സ്ഥാനാർത്ഥികളുടെ ഇത്തരം ഭീമമായ സ്വത്ത് വെളിപ്പെടുത്തലുകൾ വലിയ പ്രാധാന്യത്തോടെയാണ് ജനങ്ങൾ നോക്കിക്കാണുന്നത്. അഴിമതി വിരുദ്ധ പ്രചാരണങ്ങളും ക്ഷേമപദ്ധതികളും ചർച്ചയാകുന്ന സാഹചര്യത്തിൽ ലീമ റോസിന്റെ സമ്പത്ത് രാഷ്ട്രീയ വൃത്തങ്ങളിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.


























