Air India flight crash Ahmedabad
ന്യൂഡൽഹി: രാജ്യം കണ്ട ഏറ്റവും വലിയ വ്യോമയാന ദുരന്തങ്ങളിലൊന്നായ അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടം നടന്ന് ഒരു വർഷം തികയുമ്പോഴും അന്തിമ അന്വേഷണ റിപ്പോർട്ട് വൈകുന്നതിനെ ചോദ്യം ചെയ്ത് പൈലറ്റുമാരുടെ സംഘടന രംഗത്ത്. വെറും 32 സെക്കൻഡ് മാത്രം നീണ്ടുനിന്ന വിമാന യാത്രയെക്കുറിച്ച് കൃത്യമായ റിപ്പോർട്ട് സമർപ്പിക്കാൻ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് സാധിക്കാത്തത് എന്തുകൊണ്ടെന്നാണ് ഇവരുടെ ചോദ്യം. അപൂർണ്ണമായ ഇടക്കാല റിപ്പോർട്ട് പുറത്തുവിടുന്നത് അപകട കാരണത്തെക്കുറിച്ച് കൂടുതൽ തെറ്റായ ഊഹാപോഹങ്ങൾക്ക് മാത്രമേ വഴിതെളിക്കൂ എന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ വർഷം ജൂൺ 12-നായിരുന്നു അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പറന്നുയർന്ന ഉടൻ എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനം തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 242 പേരും വിമാനം പതിച്ച ബി.ജെ. മെഡിക്കൽ കോളേജ് ഹോസ്റ്റൽ പരിസരത്തുണ്ടായിരുന്ന 19 പേരുമടക്കം ആകെ 261 പേർക്കാണ് ഈ വൻ ദുരന്തത്തിൽ ജീവൻ നഷ്ടമായത്. അപകടത്തിന് തൊട്ടുമുമ്പ് വിമാനത്തിന്റെ ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾ ഓഫായതാണ് എഞ്ചിനുകളിലേക്കുള്ള ഇന്ധന വിതരണം തടസ്സപ്പെടാൻ കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് പൈലറ്റുമാരുടെ ഭാഗത്തുനിന്നുണ്ടായ അബദ്ധമാണോ, അതോ സാങ്കേതിക തകരാറാണോ എന്ന് വ്യക്തമാക്കാതെ കോക്പിറ്റിലെ പൈലറ്റുമാരുടെ സംഭാഷണം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത് വലിയ വിവാദങ്ങൾക്ക് കാരണമായി.
അപകടത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം മരിച്ച പൈലറ്റുമാരുടെ മേൽ കെട്ടിവെക്കാനുള്ള ശ്രമമാണ് അധികൃതരുടെ ഭാഗത്തുനിന്നും നടക്കുന്നതെന്ന് പൈലറ്റ് അസോസിയേഷൻ ആരോപിച്ചു. വിമാനം പറന്നുയരുമ്പോൾ ചക്രങ്ങളിൽ പുക ഉയർന്നതായും ഇലക്ട്രിക്കൽ വയറിങ്ങിലെ തകരാറുകൾ പരിശോധിക്കണമെന്നും സേഫ്റ്റി മാറ്റിക്സ് ഫൗണ്ടേഷൻ വ്യക്തമാക്കി. അപകടത്തിൽ മരിച്ച പൈലറ്റ് ക്യാപ്റ്റൻ സുമീത് സബർവാളിന്റെ കുടുംബവും പൈലറ്റുമാരുടെ സംഘടനയും ചേർന്ന് അപകടത്തെക്കുറിച്ച് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ട് ഇതിനകം കോടതിയെ സമീപിച്ചിട്ടുണ്ട്. അന്തിമ റിപ്പോർട്ട് വൈകുന്നതിലൂടെ അന്താരാഷ്ട്ര വ്യോമയാന സംഘടനയുടെ 12 മാസത്തെ സമയപരിധി ലംഘിക്കപ്പെടുകയാണ്.
എന്നാൽ വിമാനത്തിന്റെ ജനറൽ ഇലക്ട്രിക് എഞ്ചിനുകളുടെ കൃത്യമായ ഡാറ്റാ വിശകലനം അമേരിക്കയിൽ ഇതുവരെ പൂർത്തിയാകാത്തതിനാലാണ് അന്വേഷണം വൈകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ആഗോളതലത്തിൽ ഇത്തരം സങ്കീർണ്ണമായ അന്വേഷണങ്ങൾ പൂർത്തിയാക്കാൻ സാധാരണയായി 20 മുതൽ 22 മാസം വരെ എടുക്കാറുണ്ടെന്നും അധികൃതർ പറയുന്നു. അതേസമയം ദുരന്തത്തിൽ മരിച്ച 15 യാത്രക്കാരുടെ പാസ്പോർട്ട് ഉൾപ്പെടെയുള്ള വ്യക്തിഗത സാമഗ്രികൾ ബന്ധുക്കൾ ഇതുവരെ ഏറ്റുവാങ്ങിയിട്ടില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. ദുരന്തത്തിൽ കടുത്ത നാശനഷ്ടം സംഭവിച്ച ബി.ജെ. മെഡിക്കൽ കോളേജ് ഹോസ്റ്റൽ ബ്ലോക്ക് 105 കോടി രൂപ മുടക്കി എയർ ഇന്ത്യ നേരിട്ട് പുതുക്കി പണിയുമെന്നും അധികൃതർ വ്യക്തമാക്കി.



















