മുംബൈ: രാജ്യത്തെ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ ഗ്രാമപ്രദേശങ്ങളിലേക്കും സാധാരണക്കാരിലേക്കും എത്തിക്കുന്നതിനായി പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയും റിലയൻസ് ജിയോയും കൈകോർക്കുന്നു. ഫീച്ചർ ഫോണുകൾക്കായി (Keypad phones) പ്രത്യേകം രൂപകൽപ്പന ചെയ്ത ‘ബിഒബി വേൾഡ് ലൈറ്റ്’ (bob World Lite) എന്ന ആപ്പ് ഇനി ജിയോഫോൺ പ്രൈമ 4ജി ഡിവൈസുകളിൽ ലഭ്യമാകും.
സ്മാർട്ട്ഫോൺ വേണ്ട, ബാങ്കിംഗ് വിരൽത്തുമ്പിൽ
സ്മാർട്ട്ഫോണുകൾ ഇല്ലാത്തവർക്കും കുറഞ്ഞ ഡാറ്റ ഉപയോഗത്തിൽ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ജിയോഫോണിലെ കീപാഡ് ഉപയോഗിച്ച് തന്നെ ആപ്പ് പ്രവർത്തിപ്പിക്കാം. ജിയോഫോൺ പ്രൈമ 4ജി ഹാൻഡ്‌സെറ്റുകളിൽ ഈ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകും. നിലവിലുള്ള ഉപഭോക്താക്കൾക്ക് ജിയോ സ്റ്റോറിൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്യാം.
പ്രധാന സവിശേഷതകൾ:
-
ലളിതമായ രജിസ്ട്രേഷൻ: ബാങ്ക് ഓഫ് ബറോഡ ഉപഭോക്താക്കൾക്കും മറ്റ് ബാങ്ക് അക്കൗണ്ട് ഉള്ളവർക്കും ലളിതമായ നടപടികളിലൂടെ ആപ്പിൽ രജിസ്റ്റർ ചെയ്യാം.
-
ക്യുആർ കോഡ് പെയ്‌മെന്റ്: സ്മാർട്ട്ഫോൺ ഇല്ലാതെ തന്നെ ക്യുആർ കോഡ് സ്കാൻ ചെയ്ത് സുരക്ഷിതമായി പണമടയ്ക്കാം.
-
മറ്റ് സേവനങ്ങൾ: പണം കൈമാറ്റം, മൊബൈൽ റീചാർജ്, ബിൽ പേയ്‌മെന്റുകൾ എന്നിവയും ഈ ആപ്പിലൂടെ സാധ്യമാണ്.
“സ്മാർട്ട്ഫോൺ ഇല്ലാത്തവരിലേക്ക് ഡിജിറ്റൽ വിടവ് നികത്താൻ ഈ സഹകരണം സഹായിക്കും,” എന്ന് ബാങ്ക് ഓഫ് ബറോഡ എംഡിയും സിഇഒയുമായ ഡോ. ദേബദത്ത ചന്ദ് പറഞ്ഞു. ദശലക്ഷക്കണക്കിന് സാധാരണക്കാർക്ക് ബാങ്കിംഗ് സേവനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കാൻ ഈ പങ്കാളിത്തം ഉപകരിക്കുമെന്ന് റിലയൻസ് ജിയോ ഇൻഫോക്കോം പ്രസിഡന്റ് ഡോ. സുനിൽ ദത്ത് വ്യക്തമാക്കി.


























