Barakah Nuclear Plant drone attack 2026
അബുദാബി: യുഎഇയിലെ അൽ ദഫ്ര മേഖലയിലുള്ള ബറാക്ക ആണവനിലയത്തിന് പുറത്ത് ഡ്രോൺ ആക്രമണത്തെത്തുടർന്ന് തീപിടിത്തം. ഞായറാഴ്ച (മേയ് 17, 2026) രാവിലെയാണ് സംഭവം. നിലയത്തിന് പുറത്തുള്ള ഇലക്ട്രിക് ജനറേറ്ററിലാണ് ഡ്രോൺ പതിച്ചത്. എന്നാൽ ഈ ആക്രമണം പ്ലാന്റിന്റെ സുരക്ഷയെ ബാധിച്ചിട്ടില്ലെന്നും റേഡിയേഷൻ ഭീഷണിയില്ലെന്നും യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ (FANR) വ്യക്തമാക്കി.
ആണവനിലയത്തിന്റെ അതീവ സുരക്ഷാവേലിക്ക് പുറത്താണ് തീപിടിത്തമുണ്ടായതെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘം തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. നിലയത്തിലെ പ്രധാന സംവിധാനങ്ങളെല്ലാം സുരക്ഷിതമാണെന്നും എല്ലാ യൂണിറ്റുകളും പതിവുപോലെ പൂർണ്ണതോതിൽ പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. മൂന്ന് ഡ്രോണുകൾ അതിർത്തി കടന്നെത്തിയതായും അതിൽ രണ്ടെണ്ണം പ്രതിരോധ സേന വെടിവെച്ചിട്ടതായും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മൂന്നാമത്തെ ഡ്രോണാണ് പ്ലാന്റിന് പുറത്തെ ജനറേറ്ററിൽ പതിച്ചത്.
സംഭവത്തിൽ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി (IAEA) കടുത്ത ആശങ്ക രേഖപ്പെടുത്തി. യുഎഇ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും റേഡിയേഷൻ തോത് സാധാരണ നിലയിലാണെന്ന് ഉറപ്പുവരുത്തിയതായും ഐഎഇഎ ഡയറക്ടർ ജനറൽ റാഫേൽ മരിയാനോ ഗ്രോസി പറഞ്ഞു. ആണവനിലയങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
യുഎഇയുടെ ഊർജ്ജ ആവശ്യത്തിന്റെ 25 ശതമാനവും ഉത്പാദിപ്പിക്കുന്നത് ബറാക്ക നിലയത്തിൽ നിന്നാണ്. 2025 സെപ്റ്റംബറിലാണ് ഇതിന്റെ നാല് റിയാക്ടറുകളും പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിച്ചത്. മേഖലയിൽ തുടരുന്ന യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിൽ ഒരു ആണവനിലയത്തിന് നേരെ ആക്രമണമുണ്ടാകുന്നത് ഗൗരവത്തോടെയാണ് രാജ്യം കാണുന്നത്. വ്യാജവാർത്തകളിൽ വിശ്വസിക്കരുതെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും ജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.

























