Free legal help seniors St Marys Perth South
സെന്റ് മേരീസ് : സെന്റ് മേരീസ്, പെർത്ത് സൗത്ത് എന്നീ പ്രദേശങ്ങളിലെ കുറഞ്ഞ വരുമാനക്കാരായ മുതിർന്ന പൗരന്മാർക്കായി സൗജന്യ നിയമസഹായ പദ്ധതി വിപുലീകരിച്ച് ഹ്യൂറോൺ പെർത്ത് കമ്മ്യൂണിറ്റി ലീഗൽ ക്ലിനിക്ക് (HPCLC). ലോ ഫൗണ്ടേഷൻ ഓഫ് ഒന്റാറിയോയുടെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന ഈ പദ്ധതിയിലൂടെ പ്രായമായവർ നേരിടുന്ന വിവിധ നിയമപ്രശ്നങ്ങൾക്ക് സൌജന്യ പരിഹാരവും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും ലഭിക്കും. പവർ ഓഫ് അറ്റോർണി, വരുമാന ആനുകൂല്യങ്ങൾ, പ്രായത്തിന്റെ പേരിലുള്ള വിവേചനങ്ങൾ, ഹോംകെയർ നിയമങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായും സഹായം നൽകുന്നത്.
വ്യക്തിഗത നിയമസഹായങ്ങൾക്ക് പുറമെ മുതിർന്ന പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി പൊതു സെമിനാറുകളും വിവരശേഖരണ ക്ലാസുകളും ക്ലിനിക്ക് സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ജൂലൈ 8 ബുധനാഴ്ച വൈകുന്നേരം 6:30 മുതൽ 8 മണി വരെ സെന്റ് മേരീസ് പബ്ലിക് ലൈബ്രറിയിൽ വെച്ച് പ്രത്യേക ‘എൽഡർ ലോ’ വിവരശേഖരണ ക്ലാസ് നടക്കും. തുടർന്ന് ഈ വേനൽക്കാലത്ത് കൂടുതൽ സെഷനുകളും അപ്പോയിന്റ്മെന്റുകളും ലഭ്യമാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
പരിമിതമായ വരുമാനത്തിൽ ജീവിക്കുന്ന പ്രായമായവർക്ക് നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവിശ്യാ സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പരിചയസമ്പന്നരായ അഭിഭാഷകരും ലീഗൽ ജീവനക്കാരുമാണ് മുതിർന്ന പൗരന്മാർക്ക് ആവശ്യമായ പിന്തുണ നൽകുന്നത്. പ്രായമായവർക്കും അവരുടെ പരിചാരകർക്കും ഈ സേവനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി 1-866-867-1027 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.





















