കേരളം വോട്ടെടുപ്പിനായി സജ്ജമായിക്കഴിഞ്ഞു. ഏപ്രിൽ 9-ന് രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് പോളിങ് നടക്കുന്നത്. വോട്ട് ചെയ്യാനായി ബൂത്തിലേക്ക് പോകുമ്പോൾ വോട്ടർമാർ കൃത്യമായ രേഖകളും സുരക്ഷാ നിർദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട്. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാൻ voters.eci.gov.in എന്ന വെബ്‌സൈറ്റോ 1950 എന്ന ഹെൽപ്പ് ലൈൻ നമ്പറോ ഉപയോഗിക്കാം.
വോട്ട് ചെയ്യാൻ ഉപയോഗിക്കാവുന്ന തിരിച്ചറിയൽ രേഖകൾ
ഇലക്ഷൻ ഐഡി കാർഡ് (EPIC) കൈവശമില്ലാത്തവർക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച താഴെ പറയുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാം:
-
ആധാർ കാർഡ്, പാൻ കാർഡ്, പാസ്‌പോർട്ട്
-
ഡ്രൈവിങ് ലൈസൻസ്
-
തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്
-
ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ പതിച്ച പാസ്‌ബുക്കുകൾ
-
കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ സർവീസ് ഐഡി കാർഡുകൾ
-
ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ
-
എംപി/എംഎൽഎ/എംഎൽസിമാരുടെ ഔദ്യോഗിക ഐഡി കാർഡുകൾ
-
ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്, എൻപിആർ സ്മാർട്ട് കാർഡ്
മൊബൈൽ ഫോൺ നിയന്ത്രണങ്ങൾ
പോളിങ് ബൂത്തിനകത്തേക്ക് മൊബൈൽ ഫോണുകൾ കൊണ്ടുപോകുന്നതിന് കർശന വിലക്കുണ്ട്. ഫോണുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഇത്തവണ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്:
-
ദൂരപരിധി: പോളിങ് കേന്ദ്രത്തിന്റെ 100 മീറ്റർ പരിധിക്ക് മുൻപായി ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യണം.
-
ഡെപ്പോസിറ്റ് സൗകര്യം: ഫോണുകൾ സൂക്ഷിക്കാൻ ബൂത്തുകൾക്ക് സമീപം മൊബൈൽ ഡെപ്പോസിറ്റ് കൗണ്ടറുകൾ ഉണ്ടാകും.
-
ടോക്കൺ സംവിധാനം: കുടുംബശ്രീ വോളണ്ടിയർമാർ ഫോണുകൾ പൗച്ചിലാക്കി ടോക്കൺ നൽകി സൂക്ഷിക്കും. വോട്ട് ചെയ്ത ശേഷം ടോക്കൺ നൽകി ഫോൺ തിരികെ വാങ്ങാം.
പ്രത്യേക പരിഗണനയും സൗകര്യങ്ങളും
ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, ഗർഭിണികൾ എന്നിവർക്കായി വിപുലമായ സൗകര്യങ്ങളാണ് ബൂത്തുകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്:
-
മുൻഗണന: ഇവർക്ക് ക്യൂ നിൽക്കാതെ വോട്ട് ചെയ്യാം, സഹായിക്കാൻ വോളണ്ടിയർമാരുടെ സേവനം ലഭ്യമാണ്.
-
യാത്രാ സൗകര്യം: ഭിന്നശേഷിക്കാർക്ക് ബൂത്തുകളിലെത്താൻ പ്രത്യേക വാഹന സൗകര്യം ഒരുക്കും.
-
ബ്രെയിൽ ലിപി: കാഴ്ചപരിമിതിയുള്ളവർക്കായി ബ്രെയിൽ ലിപി സൗകര്യമുള്ള ബാലറ്റ് പേപ്പറും വോട്ടിങ് മെഷീനും ഉണ്ടാകും.
-
വീൽചെയർ: എല്ലാ ബൂത്തുകളിലും റാംപുകളും വീൽചെയറുകളും സജ്ജീകരിച്ചിട്ടുണ്ട്.
വോട്ട് രേഖപ്പെടുത്തേണ്ട രീതി
ബൂത്തിൽ പ്രവേശിച്ചാൽ വോട്ടർ പട്ടികയിലെ ക്രമനമ്പർ പരിശോധിച്ച് വിരലിൽ മഷി പുരട്ടും. തുടർന്ന് രജിസ്റ്ററിൽ ഒപ്പിട്ട് സ്ലിപ്പ് വാങ്ങിയ ശേഷം വോട്ടിങ് മെഷീന് അടുത്തേക്ക് നീങ്ങാം:
-
ബട്ടൺ അമർത്തുക: ഇഷ്ടപ്പെട്ട സ്ഥാനാർത്ഥിയുടെ ചിഹ്നത്തിന് നേരെയുള്ള നീല ബട്ടൺ അമർത്തുക.
-
വിവിപാറ്റ് (VVPAT): നിങ്ങൾ വോട്ട് ചെയ്ത സ്ഥാനാർത്ഥിയുടെ ചിഹ്നവും പേരും വിവിപാറ്റ് മെഷീനിൽ 7 സെക്കൻഡ് ദൃശ്യമാകും.
-
സ്ഥിരീകരണം: കൺട്രോൾ യൂണിറ്റിൽ നിന്ന് ‘ബീപ്പ്’ ശബ്ദം കേൾക്കുന്നതോടെ വോട്ട് രേഖപ്പെടുത്തുന്നത് പൂർത്തിയാകും.
-
നോട്ട (NOTA): സ്ഥാനാർത്ഥികളിൽ ആരെയും ഇഷ്ടപ്പെട്ടില്ലെങ്കിൽ വോട്ടിങ് മെഷീനിലെ അവസാന ബട്ടണായ ‘നോട്ട’ അമർത്താം.
വൈകിട്ട് 6 മണിക്ക് ക്യൂവിലുള്ള എല്ലാവർക്കും ടോക്കൺ നൽകി വോട്ട് ചെയ്യാൻ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.


























