PM Narendra Modi Canada visit
ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗിക സന്ദർശനത്തിനായി കാനഡയിലേക്ക് ക്ഷണിച്ചു. ഫ്രാൻസിലെ എവിയൻ-ലെസ്-ബെയ്ൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയുടെ ഭാഗമായി ഇരു നേതാക്കളും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കാനഡ പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്. കാർണിയുടെ ക്ഷണം സ്വീകരിച്ച പ്രധാനമന്ത്രി മോദി 2026-ൽ തന്നെ കാനഡ സന്ദർശിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.
കൂടിക്കാഴ്ചയെക്കുറിച്ച് കാനഡ പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ വിദേശ ഇടപെടലുകളെയോ രാജ്യാതിർത്ഥികൾ കടന്നുള്ള അടിച്ചമർത്തൽ നടപടികളെയോ കുറിച്ച് പ്രത്യേകം പരാമർശിച്ചിട്ടില്ല. കാനഡയിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തിയെന്ന ആരോപണം മുൻപ് ഇന്ത്യയ്‌ക്കെതിരെ ഉയർന്നിരുന്നു. അതേസമയം പ്രതിരോധ-സുരക്ഷാ മേഖലകളിലെ രഹസ്യ വിവരങ്ങൾ പരസ്പരം സുരക്ഷിതമായി കൈമാറുന്നതിനുള്ള ‘ജനറൽ സെക്യൂരിറ്റി ഓഫ് ഇൻഫർമേഷൻ അഗ്രിമെന്റ്’ (GSOIA) സംബന്ധിച്ച ചർച്ചകൾ ആരംഭിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തി. ഈ ആഴ്ച ആദ്യം ഫ്രാൻസുമായി കാനഡ സമാനമായ കരാറിൽ ഒപ്പുവെച്ചിരുന്നു.
പ്രതിരോധം, ധനകാര്യം, കുടിയേറ്റം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ കൂടുതൽ ഉന്നതതല ചർച്ചകൾ നടത്താനും ഇരുപക്ഷവും തീരുമാനിച്ചു. മാർക്ക് കാർണി കാനഡയുടെ പ്രധാനമന്ത്രിയായതിനു ശേഷം ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള ശക്തമായ നീക്കങ്ങളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ വ്യാപാര നയങ്ങളെത്തുടർന്ന് വിവിധ രാജ്യങ്ങളുമായി തന്ത്രപ്രധാന ബന്ധങ്ങൾ ശക്തിപ്പെടുത്താനാണ് നിലവിൽ കാനഡ ശ്രമിക്കുന്നത്.
ഈ വർഷം മാർച്ചിൽ കാർണി ഇന്ത്യ സന്ദർശിച്ചപ്പോൾ ഇന്ത്യ-കാനഡ സ്വതന്ത്ര വ്യാപാര കരാർ (CEPA) പുനരാരംഭിക്കുന്നതിനും പുതിയ ഊർജ്ജ പങ്കാളിത്തത്തിനും ധാരണയായിരുന്നു. മുൻപ് കാനഡയിലെ സിഖ് പ്രവർത്തകനായ ഹർദീപ് സിംഗ് നിജ്ജാർ വധിക്കപ്പെട്ട സംഭവത്തെ തുടർന്ന് ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ കാനഡ പൂർണ്ണമായി നിർത്തിവെച്ചിരുന്നു. ഇന്ത്യ ഈ ആരോപണങ്ങൾ ശക്തമായി നിഷേധിച്ചിരുന്നെങ്കിലും കാർണി സർക്കാർ അധികാരമേറ്റതോടെ ഉഭയകക്ഷി ബന്ധങ്ങളിൽ വലിയ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. അതേസമയം ഇന്ത്യയോടുള്ള കാനഡയുടെ ഈ പുതിയ മൃദുസമീപനത്തിൽ അവിടുത്തെ സിഖ് സംഘടനകൾ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.




















