ലണ്ടൻ : വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികൾ കൃത്രിമബുദ്ധി (Artificial Intelligence) ഉപയോഗിച്ച് പരീക്ഷയിൽ വൻതോതിൽ ക്രമക്കേട് നടത്തിയതായി ആരോപണം. ഹെൽത്ത് കെയർ ലോ കോഴ്സിലെ ഭൂരിഭാഗം വിദ്യാർത്ഥികളും തങ്ങളുടെ അന്തിമ പരീക്ഷയ്ക്ക് എഐ ടൂളുകൾ ഉപയോഗിച്ചതായി ഫാക്കൽറ്റി ഓഫ് ലോയിലെ പ്രൊഫസറായ ജേക്കബ് ഷെല്ലി വെളിപ്പെടുത്തി. ഇതേത്തുടർന്ന് പരീക്ഷാ ഫലം അന്തിമ ഗ്രേഡിംഗിനായി പരിഗണിക്കാൻ അദ്ദേഹം വിസമ്മതിച്ചതോടെ സർവകലാശാലാ അധികൃതരും പ്രൊഫസറും തമ്മിൽ കടുത്ത ഭിന്നത ഉടലെടുത്തിരിക്കുകയാണ്.
ഏപ്രിൽ 24-ന് നടന്ന പരീക്ഷയിൽ പങ്കെടുത്ത 288 വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ക്രമക്കേട് നടത്തിയെന്നാണ് പ്രൊഫസർ ആരോപിക്കുന്നത്. ആകെ മാർക്കിന്റെ 30 ശതമാനം നിശ്ചയിച്ചിരുന്ന പരീക്ഷ ബാഹ്യസഹായങ്ങളില്ലാതെ സ്വയം എഴുതേണ്ടതായിരുന്നു. എന്നാൽ, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളിൽ 8 ശതമാനം വിദ്യാർത്ഥികൾക്ക് 100 ശതമാനം മാർക്കും, 55 ശതമാനത്തിലധികം പേർക്ക് 90 ശതമാനത്തിന് മുകളിലും മാർക്ക് ലഭിച്ചതായി പ്രൊഫസർ ചൂണ്ടിക്കാട്ടി. തന്റെ 20 വർഷത്തെ അധ്യാപന ജീവിതത്തിൽ ഇത്തരമൊരു ഫലം കണ്ടിട്ടില്ലെന്നും, വിവരണാത്മക ചോദ്യങ്ങൾക്ക് പലരും ഒരേ ഘടനയിലും ഒരേ വാചകങ്ങളിലും എഐ സഹായത്തോടെ ഉത്തരമെഴുതിയതായും അദ്ദേഹം വ്യക്തമാക്കി.
പരീക്ഷാ മേൽനോട്ടത്തിനായുള്ള ഓൺലൈൻ പ്രോക്ടറിംഗ് സോഫ്റ്റ്‌വെയറുകൾ ഇത്തരം അത്യാധുനിക കൃത്രിമങ്ങൾ തടയാൻ പര്യാപ്തമല്ലെന്നാണ് പ്രൊഫസറുടെ നിലപാട്. സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വളർച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് പ്രമുഖ സാങ്കേതിക വിദഗ്ദ്ധൻ കാർമി ലെവി നിരീക്ഷിച്ചു. ഓൺലൈൻ പരീക്ഷകളുടെ വിശ്വാസ്യതയും ബിരുദങ്ങളുടെ മൂല്യവും സംരക്ഷിക്കാൻ സർവകലാശാലകൾ അടിയന്തരമായി കർശന നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. വിദ്യാർത്ഥികൾ പണം നൽകി പഠിക്കുന്നതിനാൽ മാർക്ക് നൽകണമെന്ന നിലപാടിലാണ് സർവകലാശാലയെന്നും, എന്നാൽ ഇത് ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്നും പ്രൊഫസർ ഷെല്ലി കുറ്റപ്പെടുത്തി.
അതേസമയം, പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് വ്യക്തമായ തെളിവുകൾ നൽകാൻ പ്രൊഫസർ തയ്യാറായിട്ടില്ലെന്നാണ് വെസ്റ്റേൺ യൂണിവേഴ്സിറ്റി അധികൃതർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്. അക്കാദമിക സുതാര്യത ഉറപ്പാക്കാൻ സർവകലാശാലയ്ക്ക് ശക്തമായ നയങ്ങളുണ്ടെന്നും തെളിവുകൾ ലഭിച്ചാൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. പ്രൊഫസറുടെ ശക്തമായ എതിർപ്പ് അവഗണിച്ചുകൊണ്ട് പരീക്ഷയിലെ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുടെ മാർക്ക് അന്തിമ ഗ്രേഡിൽ ഉൾപ്പെടുത്താൻ സർവകലാശാല നിലവിൽ തീരുമാനിച്ചിട്ടുണ്ട്.
























