Oggy Janata Party OJP
ന്യൂഡൽഹി: ഇന്ത്യൻ ഇൻ്റർനെറ്റ് ലോകത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൻ തരംഗമായി മാറിയ ‘സിജെപി’ അഥവാ കോക്രോച്ച് ജനതാ പാർട്ടിക്ക് (Cockroach Janta Party) പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയ ‘പാർട്ടി’ കൂടി രൂപംകൊണ്ടു. ‘ഒജെപി’ അഥവാ ഓഗി ജനതാ പാർട്ടി (Oggy Janata Party) എന്നാണ് ഈ പുതിയ ഡിജിറ്റൽ മുന്നേറ്റത്തിന്റെ പേര്. പ്രശസ്തമായ ‘ഓഗി ആൻഡ് ദി കോക്രോച്ചസ്’ എന്ന കാർട്ടൂണിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് പാറ്റകൾക്കെതിരെ പൂച്ചപ്പടയുമായി ഒജെപി രംഗത്തിറങ്ങിയിരിക്കുന്നത്.
തൊഴിലില്ലാത്ത യുവാക്കളെ ‘പാറ്റകൾ’ എന്ന് വിശേഷിപ്പിച്ച ഔദ്യോഗിക പരാമർശങ്ങൾക്കെതിരെയുള്ള വിയോജിപ്പായി രൂപംകൊണ്ട സിജെപിയെ നിശിതമായി വിമർശിച്ചുകൊണ്ടാണ് ഒജെപി രംഗത്തുവന്നിട്ടുള്ളത്. എന്നാൽ, സിജെപിക്ക് ലഭിച്ച കോടിക്കണക്കിന് വ്യൂസും ലക്ഷക്കണക്കിന് ഫോളോവേഴ്സും നേടിയെടുക്കാൻ ഒജെപിക്ക് ഇതുവരെ സാധിച്ചിട്ടില്ല.
കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകനായ ബോസ്റ്റൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയും പൊളിറ്റിക്കൽ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റുമായ അഭിജീത് ദിപ്കെയ്ക്ക് പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നാണ് ഒജെപി പ്രധാനമായും ആരോപിക്കുന്നത്. അഭിജീത് ദിപ്കെയ്ക്ക് ആം ആദ്മി പാർട്ടിയുമായി (AAP) അടുത്ത ബന്ധമുണ്ടെന്നും, 2020 മുതൽ 2023 വരെ എഎപിയുടെ സോഷ്യൽ മീഡിയ, തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗങ്ങളിൽ വളണ്ടിയറായി പ്രവർത്തിച്ചിരുന്നുവെന്നും വ്യക്തമാക്കുന്ന സ്ക്രീൻഷോട്ടുകൾ ഒജെപി പുറത്തുവിട്ടിട്ടുണ്ട്.
എല്ലാത്തരം പ്രാണികളെയും പൂർണ്ണമായി ഇല്ലാതാക്കുക എന്നതാണ് ഒജെപി തങ്ങളുടെ വെബ്‌സൈറ്റിലൂടെ പ്രധാന ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഒരു കൊളാഷ് പങ്കുവെച്ചുകൊണ്ട് ഇവർ സിജെപിയെ പരിഹസിക്കുകയും ചെയ്തു. “വാളുകളുടെ മൂർച്ചയാൽ രൂപപ്പെട്ട ഒരു മണ്ണിലെ യുവാക്കൾ, തങ്ങളെ ‘പാറ്റകൾ’ എന്ന് വിളിക്കുന്നതിൽ അഭിമാനം കൊള്ളുന്നത് രാജ്യത്തെ കടുത്ത തൊഴിലില്ലായ്മയുടെ ലക്ഷണമാണ്,” എന്നാണ് ഒജെപിയുടെ ട്രോൾ.
ഇതോടൊപ്പം മൃഗങ്ങളുടെ അവകാശങ്ങൾക്കായി ഒരു 6 ഇന പ്രകടനപത്രികയും (Animal Rights Manifesto) ഒജെപി പുറത്തിറക്കിയിട്ടുണ്ട്. തെരുവ് മൃഗങ്ങൾക്ക് സൗജന്യ ആരോഗ്യ പരിരക്ഷ, മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയ്ക്കെതിരെ കർശന നിയമങ്ങൾ, മൃഗസംരക്ഷണ കേന്ദ്രങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ, രാജ്യത്ത് വലിയ ചർച്ചയായ നീറ്റ് (NEET) പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയത്തിലും വിദ്യാർത്ഥികൾക്ക് നീതി വേണമെന്ന ആവശ്യവുമായി ഒജെപി രംഗത്തെത്തിയിട്ടുണ്ട്.
തങ്ങൾ മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയോടെയല്ല പ്രവർത്തിക്കുന്നതെന്ന് ഇൻസ്റ്റാഗ്രാം ബയോയിൽ കുറിച്ചിട്ടുള്ള ഒജെപിക്ക് നിലവിൽ ഒൻപതിനായിരത്തിലധികം ഫോളോവേഴ്സുണ്ട്. ഇൻ്റർനെറ്റിലെ ഈ ‘പൂച്ച-പാറ്റ’ രാഷ്ട്രീയ പോര് വരും ദിവസങ്ങളിൽ കൂടുതൽ രസകരമായ ട്രോളുകൾക്ക് വഴിവെക്കുമെന്നുറപ്പാണ്.






















