ന്യൂഡൽഹി: ഇന്ത്യൻ യുവത്വത്തെയും തൊഴിലില്ലാത്തവരെയും ലക്ഷ്യമിട്ട് ഉയർന്നുവന്ന ഒരു പരാമർശത്തിന് മറുപടിയായി രൂപംകൊണ്ട ‘കോക്രോച്ച് ജനത പാർട്ടി’ (CJP) രാജ്യത്തെ സമൂഹ മാധ്യമങ്ങളിൽ വൻ തരംഗമാവുകയാണ്. വെറും മൂന്ന് ദിവസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം ആളുകളാണ് പാർട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അംഗത്വം എടുത്തത്. സുപ്രീംകോടതിയിലെ ഒരു വാദത്തിനിടയിൽ ജസ്റ്റിസ് സൂര്യകാന്ത് തൊഴിലില്ലാത്ത യുവാക്കളെ ‘പാറ്റകൾ’ എന്നും ‘പരാന്നഭോജികൾ’ എന്നും വിളിച്ചെന്ന ആരോപണത്തെത്തുടർന്നാണ് മേയ് 16, 2026-ൽ ഈ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. എന്നാൽ തന്റെ വാക്കുകൾ മാധ്യമങ്ങൾ തെറ്ററ്റിദ്ധരിപ്പിച്ചതാണെന്നും, വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് തൊഴിൽ മേഖലകളിൽ കടന്നുകൂടുന്നവരെയാണ് താൻ ഉദ്ദേശിച്ചതെന്നും ജസ്റ്റിസ് സൂര്യകാന്ത് പിന്നീട് വ്യക്തമാക്കുകയുണ്ടായി.
ആം ആദ്മി പാർട്ടിയുടെ (AAP) സമൂഹ മാധ്യമ വിഭാഗത്തിൽ മുൻപ് പ്രവർത്തിച്ചിരുന്ന, നിലവിൽ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ പബ്ലിക് റിലേഷൻസ് വിദ്യാർത്ഥിയായ 30-കാരൻ അഭിജീത് ദിപ്കെ (Abhijeet Dipke) ആണ് ഈ ഡിജിറ്റൽ വിപ്ലവത്തിന് പിന്നിൽ. ജസ്റ്റിസിന്റെ പരാമർശത്തിന് പിന്നാലെ “എല്ലാ പാറ്റകളും ഒന്നിച്ചാൽ എന്താകും?” എന്ന രീതിയിൽ അഭിജീത് എക്സിൽ (X) പങ്കുവെച്ച ഒരു പോസ്റ്റാണ് പിന്നീട് ‘കോക്രോച്ച് ജനത പാർട്ടി’ എന്ന പേരിൽ വലിയൊരു ജനകീയ പ്രസ്ഥാനമായി മാറിയത്. ഇൻസ്റ്റാഗ്രാമിലും എക്സിലുമായി ലക്ഷക്കണക്കിന് ഫോളോവേഴ്സിനെയാണ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഈ കൂട്ടായ്മ സ്വന്തമാക്കിയത്.
Spreading like 🪳🪳🪳🪳
Join now : https://t.co/2BdBYMQhl8 pic.twitter.com/ETKlXyr5tP
— Cockroach Janta Party (@CJP_2029) May 18, 2026
“വ്യവസ്ഥിതി എണ്ണാൻ മറന്നുപോയ സാധാരണക്കാരുടെ ശബ്ദം” എന്നാണ് പാർട്ടി തങ്ങളെ വിശേഷിപ്പിക്കുന്നത്. രാജ്യത്തെ തൊഴിലില്ലായ്മ, നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകൾ, അഴിമതി, മാധ്യമ പക്ഷപാതിത്വം എന്നിവയ്ക്കെതിരെ കടുത്ത പരിഹാസ രൂപേണയുള്ള മീമുകളിലൂടെയും പോസ്റ്റുകളിലൂടെയുമാണ് സിജെപി ഡിജിറ്റൽ ഇടങ്ങളിൽ പ്രതിരോധം തീർക്കുന്നത്.
“സെക്യുലർ, സോഷ്യലിസ്റ്റ്, ഡെമോക്രാറ്റിക്, ലേസി (മടിയന്മാർ)” എന്ന് സ്വയം പ്രഖ്യാപിച്ചാണ് പാർട്ടി രംഗത്തെത്തിയിരിക്കുന്നത്. പാർട്ടിയിൽ അംഗമാകാനുള്ള യോഗ്യതകളായി അവർ കുറിച്ചിരിക്കുന്നത്; തൊഴിലില്ലാത്തവർ, മടിയന്മാർ, എപ്പോഴും ഓൺലൈനിൽ ഉള്ളവർ, പ്രൊഫഷണലായി വിമർശിക്കാൻ (Rant) കഴിയുന്നവർ എന്നിവരാണ്!
കടുത്ത രാഷ്ട്രീയ പരിഹാസങ്ങൾ നിറഞ്ഞതാണെങ്കിലും ഇവരുടെ അഞ്ചംഗ നയ പ്രഖ്യാപനം ചർച്ചയായിക്കഴിഞ്ഞു:
The Cockroach Janta Party is a platform for the youth to shape the future of Indian politics.
CJP will launch a nationwide initiative inviting suggestions, ideas, and feedback from young citizens on the issues the party should focus on and the change they wish to see. #CJP
— Cockroach Janta Party (@CJP_2029) May 18, 2026
-
കേന്ദ്ര കാബിനറ്റ് പദവികളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം.
-
മുന്നണികളും പാർട്ടികളും മാറിമാറി ചാടുന്ന എംഎൽഎമാർക്കും എംപിമാർക്കും 20 വർഷത്തെ തിരഞ്ഞെടുപ്പ് വിലക്ക്.
-
വിരമിച്ച ശേഷം ചീഫ് ജസ്റ്റിസുമാർക്ക് രാജ്യസഭാ സീറ്റുകളോ മറ്റ് പദവികളോ നൽകുന്നത് നിരോധിക്കുക.
-
പരീക്ഷാ തട്ടിപ്പുകൾ തടയുക, സിബിഎസ്ഇ (CBSE) റീചെക്കിംഗ് ഫീസുകൾ പൂർണ്ണമായി ഒഴിവാക്കുക.
-
പക്ഷപാതിത്വം കാണിക്കുന്ന മാധ്യമങ്ങൾക്കെതിരെയും പ്രമുഖ ആങ്കർമാർക്കെതിരെയും അന്വേഷണം നടത്തുക.
തൃണമൂൽ കോൺഗ്രസ് (TMC) നേതാക്കളായ മഹുവ മൊയ്ത്ര, കീർത്തി ആസാദ് എന്നിവർ തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടുകളിലൂടെ സിജെപിയുടെ മീമുകൾ പങ്കുവെക്കുകയും പാർട്ടിയിൽ ചേരാൻ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് ഇത് ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധയിലേക്ക് വരുന്നത്. നേപ്പാളിലെയും ബംഗ്ലാദേശിലെയും പുത്തൻ തലമുറ ഡിജിറ്റൽ വിപ്ലവങ്ങളുടെ ഇന്ത്യൻ പതിപ്പായി കോക്രോച്ച് ജനത പാർട്ടി മാറുമോ എന്നാണ് ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. ഇതിന് പുറമെ സോഷ്യൽ മീഡിയയിൽ ‘നാഷണൽ പാരാസൈറ്റിക് ഫ്രണ്ട്’ (NPF) എന്ന പേരിൽ മറ്റൊരു പരിഹാസ കൂട്ടായ്മയും സിജെപിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.





















