കാനഡയിലെ ഏറ്റവും വലിയ പോലീസ് സേനകളിലൊന്നായ ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) വിവിധ തസ്തികകളിലേക്ക് പുതിയ റിക്രൂട്ട്മെന്റ് നടപടികൾ ഊർജ്ജിതമാക്കി. പ്രവിശ്യയിലെFrontline സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഫുൾ ടൈം പ്രൊവിൻഷ്യൽ കോൺസ്റ്റബിൾ തസ്തികകളിലേക്കും സിവിലിയൻ തസ്തികകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കാനഡയിലെ പ്രവാസി സമൂഹങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന പ്രതിഭകളെ സേനയുടെ ഭാഗമാക്കാൻ ലക്ഷ്യമിട്ടാണ് ഈ പ്രത്യേക ക്യാമ്പയിൻ.
യൂണിഫോം തസ്തികകൾക്ക് പുറമെ, പോലീസിനെ സഹായിക്കാനുള്ള വിപുലമായ സിവിലിയൻ കരിയർ അവസരങ്ങളും ഒ.പി.പി (OPP) ഒരുക്കുന്നുണ്ട്. കമ്മ്യൂണിക്കേഷൻസ്, അഡ്മിനിസ്ട്രേഷൻ, ഫോറൻസിക്സ്, ഗാരേജ് ഓപ്പറേഷൻസ്, ട്രാൻസ്ക്രിപ്ഷൻ, ഇൻഫർമേഷൻ ടെക്നോളജി (IT), പബ്ലിക് റിലേഷൻസ് തുടങ്ങിയ വിവിധ മേഖലകളിലാണ് സിവിലിയൻ തസ്തികകൾ ഉള്ളത്. ഇതിന് പുറമെ കരിയർ വികസനം ലക്ഷ്യമിട്ടുള്ള ‘കേഡറ്റ് പ്രോഗ്രാം’, ഓഫ്സെറ്റ് സുരക്ഷയ്ക്കായുള്ള ‘സ്പെഷ്യൽ കോൺസ്റ്റബിൾ’, സന്നദ്ധസേവനത്തിന് താല്പര്യമുള്ളവർക്കായുള്ള ‘ഓക്സിലറി ഓഫീസർ’ എന്നീ വിഭാഗങ്ങളിലേക്കും അവസരങ്ങളുണ്ട്. ഒന്നിലധികം ഭാഷകൾ സംസാരിക്കാൻ അറിയുന്ന ഉദ്യോഗാർത്ഥികൾക്ക് ഒ.പി.പി പ്രത്യേക മുൻഗണന നൽകുന്നുണ്ട്. മികച്ച ശമ്പളം, പെൻഷൻ ആനുകൂല്യങ്ങൾ, പെയ്ഡ് വെക്കേഷൻ എന്നിവയോടൊപ്പം മികച്ച കരിയർ വളർച്ചയും ഈ കനേഡിയൻ സർക്കാർ ജോലി വാഗ്ദാനം ചെയ്യുന്നു.
കാനഡയിലെ മറ്റ് പോലീസ് ഏജൻസികളിൽ പരിചയസമ്പത്തുള്ള ഓഫീസർമാർക്ക് ‘എക്സ്പീരിയൻസ്ഡ് പോലീസ് ഓഫീസർ പ്രോഗ്രാം’ വഴി നേരിട്ടും അപേക്ഷിക്കാം.റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും വരാനിരിക്കുന്ന ഇൻഫർമേഷൻ സെഷനുകളുടെ തീയതികൾ അറിയുന്നതിനും ഉദ്യോഗാർത്ഥികൾക്ക് ഒ.പി.പിയുടെ ഔദ്യോഗിക പോർട്ടൽ സന്ദർശിക്കാവുന്നതാണ്. താല്പര്യമുള്ളവർക്ക് https://www.opp.ca/index.php?id=128&lng=en എന്ന ലിങ്ക് വഴി ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് നേരിട്ട് അപേക്ഷകൾ സമർപ്പിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.






















