ടൊറന്റോ: കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിൽ പൊതുജന സുരക്ഷയും ക്രമസാധാനപാലനവും കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ടുള്ള ബൃഹദ് നിയമപരിഷ്കാരം ഗവൺമെന്റ് പ്രഖ്യാപിച്ചു. കടുത്ത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഉയർന്ന സുരക്ഷാഭീഷണിയുള്ള പ്രതികളുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് ലഭ്യമാക്കുന്നതിനായി ഒന്റാറിയോ പ്രൊവിൻഷ്യൽ പൊലീസ് (OPP) അടുത്ത വർഷത്തോടെ ഒരു കേന്ദ്രീകൃത പൊതു വെബ്സൈറ്റ് ആരംഭിക്കും. പ്രവിശ്യാ സോളിസിറ്റർ ജനറൽ മൈക്കൽ കെർസ്നർ പാർലമെന്റിൽ അവതരിപ്പിച്ച സമഗ്ര നീതിന്യായ ബില്ലിലാണ് ഈ സുപ്രധാന നിർദ്ദേശങ്ങളുള്ളത്.
പുതിയ നിയമപ്രകാരം പ്രവിശ്യയിലെ ഏതെങ്കിലും ഒരു പ്രദേശത്തെ പൊലീസ് ചീഫ് കമ്മ്യൂണിറ്റി നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചാൽ, ബന്ധപ്പെട്ട കുറ്റവാളിയുടെ പേരും വിവരങ്ങളും ഒപിപി കമ്മീഷണർക്ക് ഈ പുതിയ വെബ്സൈറ്റിലൂടെ പരസ്യപ്പെടുത്താം. നിലവിൽ ഇത്തരം വിവരങ്ങൾ അതാത് പ്രാദേശിക പൊലീസിന്റെ വെബ്സൈറ്റുകളിലോ സോഷ്യൽ മീഡിയകളിലോ മാത്രമാണ് വരാറുള്ളത്. ഇത് പലപ്പോഴും ജനങ്ങളിലേക്ക് കൃത്യസമയത്ത് എത്താറില്ല. കേന്ദ്രീകൃത വെബ്സൈറ്റ് വരുന്നതോടെ 2027 ഏപ്രിലോടെ ഈ വിവരങ്ങൾ ഒരൊറ്റ പ്ലാറ്റ്ഫോമിൽ വിരൽത്തുമ്പിൽ ലഭ്യമാകും.
കുറ്റവാളികളെ പൂട്ടുന്നതിനൊപ്പം മൃഗസംരക്ഷണത്തിനായി രാജ്യത്തിന് തന്നെ മാതൃകയാകുന്ന കടുത്ത വ്യവസ്ഥകളും ഈ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവിശ്യയിൽ മൃഗങ്ങളിൽ നടത്തുന്നതും മെഡിക്കൽ ആവശ്യങ്ങൾക്ക് അല്ലാത്തതുമായ എല്ലാവിധ കോസ്മെറ്റിക് ശസ്ത്രക്രിയകളും സർക്കാർ പൂർണ്ണമായും നിരോധിച്ചു.
പൂച്ചകളുടെ നഖങ്ങൾ ശാശ്വതമായി നീക്കം ചെയ്യുക, നായ്ക്കളുടെ ചെവി മുറിക്കുക, നായ്ക്കൾ കുരയ്ക്കുന്നത് തടയാൻ ശബ്ദനാളം നീക്കം ചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്യുക തുടങ്ങിയ ക്രൂരമായ നടപടികൾക്കാണ് പൂർണ്ണ നിരോധനം ഏർപ്പെടുത്തുന്നത്. അനാവശ്യ വേദനകളിൽ നിന്നും പീഡനങ്ങളിൽ നിന്നും വളർത്തുമൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. കൂടാതെ ലാബുകളിൽ പൂച്ചകളിലും നായ്ക്കളിലും നടത്തുന്ന അധിനിവേശ മെഡിക്കൽ പരീക്ഷണങ്ങൾക്കും ഇതോടെ വിലക്ക് വീഴും.
പൊതുഗതാഗത സംവിധാനങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്പെഷ്യൽ കോൺസ്റ്റബിൾമാർക്ക് കൂടുതൽ നിയമപരമായ അധികാരങ്ങൾ നൽകാനും ബില്ലിൽ വ്യവസ്ഥയുണ്ട്. ട്രെയിനുകളിലും ബസുകളിലും മറ്റ് പൊതുഗതാഗത ഇടങ്ങളിലും പരസ്യമായി ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ തടയാനും, അവരിൽ നിന്ന് ലഹരിവസ്തുക്കൾ പിടിച്ചെടുക്കാനും, അറസ്റ്റ് ചെയ്യാനും സ്പെഷ്യൽ കോൺസ്റ്റബിൾമാർക്ക് ഇനിമുതൽ നേരിട്ട് സാധിക്കും.
മറ്റ് പ്രവിശ്യകളിലോ ടെറിട്ടറികളിലോ പുറപ്പെടുവിച്ചിട്ടുള്ള നിയന്ത്രണ ഉത്തരവുകൾ ഒന്റാറിയോ കോടതികളെ വീണ്ടും സമീപിച്ച് സമയം കളയാതെ തന്നെ ഇവിടെയും നേരിട്ട് നടപ്പിലാക്കാൻ അനുമതി നൽകുന്ന നിയമനിർമാണവും ഇതിന്റെ ഭാഗമായി വരുന്നുണ്ട്. ഇത് ഇരകൾക്ക് വേഗത്തിൽ സംരക്ഷണം ഉറപ്പാക്കാൻ സഹായിക്കും. ഒന്റാറിയോയിലെ ജനങ്ങളുടെയും ജീവജാലങ്ങളുടെയും സുരക്ഷ മുൻനിർത്തി സർക്കാർ കൊണ്ടുവന്ന ഈ ബിൽ വരുംദിവസങ്ങളിൽ പാർലമെന്റിൽ വിശദമായ ചർച്ചകൾക്ക് വിധേയമാകും.





















