York regional police public warning glue on condo doors
ടൊറന്റോ: അപ്പാർട്ട്‌മെന്റുകളിലും കോണ്ടോമിനിയങ്ങളിലും ആളുണ്ടോ എന്ന് മുൻകൂട്ടി തിരിച്ചറിയാൻ വാതിലുകളിൽ പശ തേച്ച് വെച്ച് കവർച്ച നടത്തുന്ന പുതിയ വിദ്യയുമായി കള്ളന്മാർ രംഗത്തിറങ്ങിയതായി കാനഡയിലെ യോർക്ക് റീജണൽ പോലീസ് മുന്നറിയിപ്പ് നൽകി. ആളില്ലാത്ത വീടുകൾ കൃത്യമായി കണ്ടെത്തി മോഷണം നടത്തുന്ന സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ മർഖാം, റിച്ച്മണ്ട് ഹിൽ എന്നീ പ്രദേശങ്ങളിലെ റെസിഡൻഷ്യൽ കെട്ടിടങ്ങളിലാണ് ഈ പുതിയ രീതിയിലുള്ള കവർച്ചാ ശ്രമങ്ങൾ പോലീസ് പ്രധാനമായും കണ്ടെത്തിയത്.
മോഷണം നടത്താൻ ഉദ്ദേശിക്കുന്ന ഫ്ലാറ്റുകളുടെ വാതിലുകളുടെ മുകൾഭാഗത്തായി കള്ളന്മാർ ഒരുതരം പശ തേച്ചു വെക്കുകയാണ് ആദ്യ പടി. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇവർ വീണ്ടും ഈ കെട്ടിടങ്ങളിൽ തിരിച്ചെത്തി പശയുടെ അവസ്ഥ പരിശോധിക്കും. വാതിൽ തുറന്നിട്ടുണ്ടെങ്കിൽ പശ ഉണങ്ങിപ്പോവുകയോ അല്ലെങ്കിൽ അതിന്റെ ഘടന മാറുകയോ ചെയ്യും. എന്നാൽ പശ തേച്ചതുപോലെ തന്നെ ഇരിക്കുകയാണെങ്കിൽ ആ വീട്ടിൽ ആളില്ല എന്ന് കള്ളന്മാർ ഉറപ്പിക്കുകയും തുടർന്ന് മോഷണം നടത്തുകയുമാണ് രീതി. മേയ് 16-ന് മുഖംമൂടി ധരിച്ച രണ്ട് സംശയാസ്പദമായ വ്യക്തികൾ കെട്ടിടത്തിനുള്ളിൽ കയറി പടികൾ വഴി വിവിധ നിലകളിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി മാസത്തിലും സമാനമായ രീതിയിലുള്ള കവർച്ചാ ശ്രമങ്ങളെക്കുറിച്ച് പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അന്ന് കെട്ടിടങ്ങളുടെ പ്രധാന എക്സിറ്റ് വാതിലുകൾ കൃത്യമായി ലോക്ക് ആകാത്ത രീതിയിൽ കള്ളന്മാർ കേടുപാടുകൾ വരുത്തിയിരുന്നു. ഇത് പിന്നീട് എളുപ്പത്തിൽ കെട്ടിടത്തിനുള്ളിലേക്ക് കടക്കാൻ വേണ്ടിയായിരുന്നു. കോണ്ടോമിനിയം, അപ്പാർട്ട്‌മെന്റ് എന്നിവടങ്ങളിൽ താമസിക്കുന്നവർ ഈ പുതിയ മോഷണ രീതിയെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും, എന്തെങ്കിലും തരത്തിലുള്ള സംശയാസ്പദമായ നീക്കങ്ങളോ വ്യക്തികളെയോ കണ്ടാൽ ഉടൻ തന്നെ പോലീസിനെയോ ബിൽഡിംഗ് മാനേജ്‌മെന്റിനെയോ അറിയിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സംഘടിത വസ്തുവക മോഷണ ഗ്രൂപ്പുകളാണ് ഇതിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.





















