Alysha Newman ban
പാരീസ് ഒളിമ്പിക്സിൽ കാനഡയ്ക്കായി വെങ്കല മെഡൽ നേടിയ പോൾ വാൾട്ട് താരം അലീഷ ന്യൂമാന് 20 മാസത്തെ വിലക്ക് ഏർപ്പെടുത്തി. നിശ്ചിത സമയങ്ങളിൽ ഉത്തേജക പരിശോധനയ്ക്ക് ലഭ്യമാകാതിരുന്നതിനെത്തുടർന്നാണ് അത്ലറ്റിക്സ് ഇൻ്റഗ്രിറ്റി യൂണിറ്റിന്റെ (AIU) ഈ നടപടി. കഴിഞ്ഞ ഫെബ്രുവരിയിലും ഓഗസ്റ്റിൽ രണ്ട് തവണയുമായി മൂന്ന് തവണയാണ് താരം പരിശോധനകളിൽ നിന്ന് വിട്ടുനിന്നത്. ഒരു വർഷത്തിനിടെ മൂന്ന് തവണ ഉത്തേജക പരിശോധനയ്ക്കുള്ള ലൊക്കേഷൻ വിവരങ്ങൾ നൽകാതിരിക്കുന്നത് നിയമലംഘനമായാണ് കണക്കാക്കുന്നത്.
പരിശോധനയ്ക്കായി ഉദ്യോഗസ്ഥൻ എത്തിയ മൂന്നാമത്തെ അവസരത്തിൽ, ഒരു ടെലിവിഷൻ ഗെയിം ഷോയുടെ ചിത്രീകരണത്തിൽ പങ്കെടുക്കാൻ തനിക്ക് അടിയന്തരമായി പോകേണ്ടതുണ്ടെന്നാണ് അലീഷ അറിയിച്ചത്. കരിയർ അവസാനിപ്പിക്കാൻ തീരുമാനിച്ചതായി താരം അറിയിച്ചതിനാലാണ് സാധാരണ നൽകുന്ന രണ്ട് വർഷത്തെ വിലക്ക് 20 മാസമായി കുറച്ചത്. 2027 ഓഗസ്റ്റ് വരെയാണ് വിലക്കിന്റെ കാലാവധി. 2024 പാരീസ് ഒളിമ്പിക്സിലെ വെങ്കലത്തിന് പുറമെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണവും വെങ്കലവും പാൻ അമേരിക്കൻ ഗെയിംസിൽ വെങ്കലവും അലീഷ നേടിയിട്ടുണ്ട്. കഴിഞ്ഞ മേയിൽ ഖത്തറിലും മൊറോക്കോയിലും നടന്ന ഡയമണ്ട് ലീഗ് മീറ്റുകളിലാണ് താരം അവസാനമായി മത്സരിച്ചത്.

























