Canada bans hate terrorism symbols public places
ഒട്ടാവ: കാനഡയിൽ മതസാംസ്‌കാരിക വിഭാഗങ്ങൾക്കെതിരായ വിദ്വേഷ പ്രചാരണങ്ങൾ തടയാനും ആരാധനാലയങ്ങൾക്ക് സമീപമുള്ള ഭീഷണിപ്പെടുത്തലുകൾ നിയന്ത്രിക്കാനും ലക്ഷ്യമിട്ടുള്ള പുതിയ കടുത്ത നിയമം പ്രാബല്യത്തിൽ വന്നു. ഗവർണർ ജനറലിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചതോടെ കാനഡയുടെ ക്രിമിനൽ കോഡിൽ ഭേദഗതി വരുത്തുന്ന ‘ബിൽ സി-9’ (Bill C-9 / Combatting Hate Act) ആണ് ഇപ്പോൾ നിയമമായി മാറിയിരിക്കുന്നത്. ജൂലൈ 18 മുതൽ ഈ നിയമത്തിലെ കടുത്ത വകുപ്പുകൾ രാജ്യത്ത് പൂർണ്ണമായി നടപ്പിലാകും.
വംശം, മതം, ഭാഷ, ദേശീയത, ലൈംഗികാഭിമുഖ്യം എന്നിവയുടെ അടിസ്ഥാനത്തിൽ വിദ്വേഷം പരത്തുന്ന ചിഹ്നങ്ങളോ തീവ്രവാദ സംഘടനകളുടെ പ്രതീകങ്ങളോ പൊതുസ്ഥലങ്ങളിൽ ബോധപൂർവ്വം പ്രദർശിപ്പിക്കുന്നത് പുതിയ നിയമപ്രകാരം വലിയ കുറ്റകൃത്യമായി മാറും. വിദ്വേഷം പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് പുതിയ ഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആരാധനാലയങ്ങൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ, സ്കൂളുകൾ, കമ്മ്യൂണിറ്റി ഹാളുകൾ എന്നിവയിലേക്കുള്ള ജനങ്ങളുടെ പ്രവേശനത്തെ തടസ്സപ്പെടുത്തുന്ന തരത്തിൽ ഭീഷണി ഉയർത്തുന്നതും പ്രതിഷേധങ്ങൾ നടത്തുന്നതും നിയമം മൂലം നിരോധിച്ചിട്ടുണ്ട്. കാനഡയിലെ വിവിധ ക്ഷേത്രങ്ങൾക്ക് മുന്നിൽ ഖാലിസ്ഥാൻ അനുകൂല സംഘടനകൾ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ഇന്ത്യയിലെ മുൻ ഭരണാധികാരികളുടെ കൊലപാതക ദൃശ്യങ്ങൾ അടങ്ങിയ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ നിയമഭേദഗതി ഏറെ ശ്രദ്ധ നേടുന്നത്. ഇത്തരത്തിൽ ആരാധനാലയങ്ങൾക്ക് മുന്നിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നവർക്ക് 10 വർഷം വരെ കടുത്ത തടവ് ശിക്ഷ നൽകാൻ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.
അതേസമയം ഹൈന്ദവ, ബുദ്ധ, ജൈന മതവിശ്വാസികളുടെ വിശുദ്ധ ചിഹ്നമായ ‘സ്വസ്തിക’യെ നിരോധിത നാസി ചിഹ്നങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ഇൻഡോ-കനേഡിയൻ സംഘടനകൾക്ക് വലിയ ആശ്വാസമായി. അതിന് പകരം ഹിറ്റ്‌ലറുടെ നാസി പാർട്ടി ഉപയോഗിച്ചിരുന്ന ‘ഹാക്കൻക്രോയ്‌സ്’ എന്ന പദമാണ് നിയമത്തിൽ കൃത്യമായി ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചുകാലമായി കാനഡയിൽ ജൂത, മുസ്ലിം, കറുത്തവർഗ്ഗക്കാരായ സമൂഹങ്ങൾക്ക് നേരെ വർദ്ധിച്ചുവരുന്ന വിദ്വേഷ കുറ്റകൃത്യങ്ങൾ തടയാൻ പുതിയ നിയമത്തിലൂടെ പോലീസ്, പ്രോസിക്യൂഷൻ സംവിധാനങ്ങൾക്ക് കൂടുതൽ അധികാരം ലഭിക്കും.





















