ടൊറോന്റോ : കാനഡയുടെ ഫെഡറൽ കടബാധ്യത വൻതോതിൽ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. പുതിയ കണക്കുകൾ പ്രകാരം രാജ്യത്തിന്റെ മൊത്തം കടം 2.526 ട്രില്യൺ ഡോളറിലേക്ക് എത്തുകയാണ്. ഇത് കാനഡയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) ഏകദേശം 100 ശതമാനത്തിന് തുല്യമാണ്. 1990-കളിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഇതാദ്യമായാണ് രാജ്യം ഇത്രയും വലിയ കടബാധ്യതയിലേക്ക് നീങ്ങുന്നത്.
കടം വർദ്ധിക്കുന്നത് ഭാവിയിൽ നികുതി വർദ്ധനവിനും പൊതുസേവനങ്ങളിലെ വെട്ടിക്കുറയ്ക്കലിനും കാരണമായേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ ജിഎസ്ടി (GST) വഴി ലഭിക്കുന്ന വരുമാനത്തേക്കാൾ വലിയ തുകയാണ് കടത്തിന്റെ പലിശ ഇനത്തിൽ മാത്രം സർക്കാരിന് പ്രതിവർഷം ചിലവാകുന്നത്.
കാനഡയുടെ സാമ്പത്തിക രംഗത്തെ ഈ അസ്ഥിരാവസ്ഥ കുടിയേറ്റക്കാർക്കും പ്രവാസി സമൂഹത്തിനും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കടം ജിഡിപിയുടെ 110 ശതമാനത്തിന് മുകളിലേക്ക് പോകാമെന്നാണ് അന്താരാഷ്ട്ര നാണയ നിധി (IMF) ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവചനം. ഈ സാഹചര്യം നേരിടാൻ സർക്കാർ കർശനമായ സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും പൊതുചിലവുകൾ നിയന്ത്രിക്കണമെന്നും ചെറുകിട സംരംഭകരുടെ കൂട്ടായ്മയായ CFIB ആവശ്യപ്പെട്ടിട്ടുണ്ട്.
മാർക്ക് കാർണി പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ആഗോളതലത്തിലെ പ്രതിസന്ധികളും പണപ്പെരുപ്പവും വെല്ലുവിളിയായി തുടരുന്നു.






















