Pooyappally rooster attack news
കൊട്ടാരക്കര: കടയിൽ പോയി മടങ്ങിയ വയോധികയ്ക്ക് നേരെ പൂവൻകോഴിയുടെ അപ്രതീക്ഷിത ആക്രമണം. കൊട്ടാരക്കര പൂയപ്പള്ളിയിൽ നടന്ന സംഭവത്തിൽ സാരമായി പരിക്കേറ്റ 74-കാരിയുടെ മുഖത്ത് 12 തുന്നലുകൾ വേണ്ടി വന്നു. പൂയപ്പള്ളി മരുതമൺപള്ളി സുജിത്ത് ഭവനിൽ ജോയിസ് (74) ആണ് പൂവൻകോഴിയുടെ ആക്രമണത്തിന് ഇരയായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സിനിമാക്കഥകളെപ്പോലും വെല്ലുന്ന തരത്തിലുള്ള ഈ വിചിത്ര സംഭവം നടന്നത്. ജോയിസ് സമീപത്തെ കടയിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയരികിലുണ്ടായിരുന്ന ഒരു പൂവൻകോഴി പെട്ടെന്ന് ഇവരുടെ ദേഹത്തേക്ക് ചാടിക്കയറുകയായിരുന്നു. നിമിഷങ്ങൾക്കകം വയോധികയുടെ തലയിൽ കയറിപ്പിടിച്ച കോഴി തലയിലും മൂക്കിന്റെ വശങ്ങളിലും ഇടതു പുരികത്തിന് സമീപവും കണ്ണിലുമെല്ലാം ക്രൂരമായി കൊത്തിപ്പരിക്കേൽപ്പിച്ചു.
ജോയിസിന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അയൽവാസി ഓടിയെത്തുമ്പോഴേക്കും അവർ ചോരയിൽ കുളിച്ചിരുന്നു. നാട്ടുകാർ ഓടിയെത്തിയിട്ടും കോഴി വയോധികയുടെ തലയിൽ നിന്നും മാറാതെ കൊത്തുന്നത് തുടരുകയായിരുന്നു. ഒടുവിൽ ബലമായാണ് കോഴിയെ ഓടിച്ചത്. തുടർന്ന് ഇവരെ ഉടൻ തന്നെ ഓട്ടോറിക്ഷയിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. കണ്ണിനും കൺപുരികത്തിനും ഏറ്റ ആഴത്തിലുള്ള മുറിവുകൾ കാരണമാണ് ഡോക്ടർമാർക്ക് 12 തുന്നലുകൾ ഇടേണ്ടി വന്നത്.
പൂവൻകോഴിയുടെ ഉടമസ്ഥതയെച്ചൊല്ലി വയോധികയുടെ കുടുംബം പൂയപ്പള്ളി പോലീസിൽ പരാതി നൽകാൻ ആലോചിച്ചിരുന്നു. എന്നാൽ ഒടുവിൽ കോഴിയോട് ക്ഷമിക്കാൻ ജോയിസ് തയ്യാറായതോടെയാണ് കേസ് നടപടികളിലേക്ക് പോകാതിരുന്നത്. ഈ പൂവൻകോഴി മുൻപും പ്രദേശവാസികളായ പലരെയും കൊത്തിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെട്ടിട്ടുള്ളതെന്നും നാട്ടുകാർ പറയുന്നു. കോഴിയുടെ അക്രമസ്വഭാവം പ്രദേശത്ത് ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.
























