ലണ്ടൻ : ലണ്ടൻ ഹെൽത്ത് സയൻസസ് സെന്ററിൽ (LHSC) കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന ഗുരുതരമായ ഭരണപരാജയങ്ങളും കോടികളുടെ സാമ്പത്തിക ക്രമക്കേടുകളും വ്യക്തമാക്കുന്ന ഔദ്യോഗിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. ഒന്റാറിയോ ആരോഗ്യ മന്ത്രാലയം നിയോഗിച്ച പ്രത്യേക സൂപ്പർവൈസർ ഡേവിഡ് മുസ്യ് തയ്യാറാക്കിയ 40 പേജുകളുള്ള വിശദമായ റിപ്പോർട്ടാണ് പൊതുസമക്ഷം സമർപ്പിച്ചത്. ആശുപത്രിയുടെ നിലവിലുള്ള ഭരണസമിതിയെ പുനഃസംഘടിപ്പിക്കുന്നതിനും അടിയന്തിര സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനുമുള്ള കർശന നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വികസനങ്ങളുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് ഡോളറിന്റെ നിർമ്മാണ-പർച്ചേസ് തട്ടിപ്പുകൾ നടന്നതായി ഫോറൻസിക് ഓഡിറ്റിൽ കണ്ടെത്തിയിട്ടുണ്ട്. മുൻ ഫെസിലിറ്റീസ് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സ്വന്തക്കാർക്ക് വഴിവിട്ട് കരാറുകൾ നൽകിയതിലൂടെ സ്ഥാപനത്തിന് വൻ സാമ്പത്തിക നഷ്ടമുണ്ടായതായാണ് സൂചന. ഇതിനെതിരെ രണ്ട് സിവിൽ കേസുകളിലായി 60 ദശലക്ഷം ഡോളറിന്റെ നഷ്ടപരിഹാര നടപടികൾക്ക് ആശുപത്രി മാനേജ്മെന്റ് തുടക്കം കുറിച്ചിട്ടുണ്ട്. ലണ്ടൻ പൊലീസും ഒന്റാറിയോ പ്രവിശ്യാ പൊലീസും (OPP) സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ തലപ്പത്തുണ്ടായ അസ്ഥിരതയും അനിയന്ത്രിതമായ യാത്രാച്ചെലവുകളുമാണ് സ്ഥാപനത്തെ 150 ദശലക്ഷം ഡോളറിന്റെ കടബാധ്യതയിലേക്ക് തള്ളിവിട്ടതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2021 മുതൽ 2024 വരെയുള്ള കാലയളവിൽ ഉയർന്ന ഉദ്യോഗസ്ഥരുടെ ശമ്പള ആനുകൂല്യങ്ങളിൽ 57 ശതമാനത്തിന്റെ വർദ്ധനവാണ് വരുത്തിയത്. കൂടാതെ ദുബായ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് ലക്ഷക്കണക്കിന് ഡോളർ ധൂർത്തടിച്ച് നടത്തിയ ഔദ്യോഗിക യാത്രകളും ഭരണസമിതിയുടെ പരാജയത്തിന്റെ ആക്കം കൂട്ടി. എന്നാൽ ഈ പ്രതിസന്ധികൾക്കിടയിലും നഴ്സുമാരും ഡോക്ടർമാരും അടങ്ങുന്ന ആരോഗ്യപ്രവർത്തകർ രോഗീപരിചരണത്തിൽ മികച്ച നിലവാരം പുലർത്തിയതായി സൂപ്പർവൈസർ പ്രശംസിച്ചു.
നിലവിലെ പ്രതിസന്ധി മറികടക്കാൻ അഡ്മിനിസ്ട്രേറ്റീവ് തലത്തിൽ 59 തസ്തികകൾ നിർത്തലാക്കുകയും 71 എണ്ണം പുനഃക്രമീകരിക്കുകയും ചെയ്തതിലൂടെ വർഷം തോറും 14 ദശലക്ഷം ഡോളർ ലാഭിക്കാൻ പുതിയ നേതൃത്വത്തിന് സാധിച്ചിട്ടുണ്ട്. കൂടാതെ, പൂർണ്ണമായും സൌജന്യ സേവനം അനുഷ്ഠിക്കുന്ന പുതിയ ഭരണസമിതിയിലേക്ക് (Board of Directors) യോഗ്യരായ വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ജൂലൈ 31 വരെയാണ് അപേക്ഷിക്കാനുള്ള കാലാവധി. വരും വർഷങ്ങളിൽ റീജിയണൽ ഹെൽത്ത് പാർട്ണർമാരുമായുള്ള ഏകോപനം ശക്തമാക്കാനും അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനും ഈ പുനഃസംഘടന അനിവാര്യമാണെന്ന് റിപ്പോർട്ട് അടിവരയിടുന്നു.






















