UP crocodile attack Gonda 2026
ലഖ്‌നൗ: ഉത്തർ പ്രദേശിലെ ഗോണ്ട ജില്ലയിൽ ഭാര്യാമാതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ യുവാവിനെ സരയൂ നദിയിൽ നിന്നും മുതല കടിച്ചുവലിച്ചു കൊണ്ടുപോയി. ഗ്രേറ്റർ നോയിഡയിലെ പ്രമുഖ സ്വകാര്യ കമ്പനിയിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ദീപക് ശർമ്മ (30) എന്ന യുവാവാണ് ക്രൂരമായ മുതല ആക്രമണത്തിന് ഇരയായത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഗോണ്ടയിലെ ഉമ്രി ബേഗംഗഞ്ച് മേഖലയിലാണ് രാജ്യം ഞെട്ടിയ ഈ ദാരുണ സംഭവം അരങ്ങേറിയത്.
തന്റെ ഭാര്യാമാതാവായ ഊർമ്മിള ദേവിയുടെ മരണവാർത്ത അറിഞ്ഞ് ഭാര്യ രേഖയ്ക്കും മകൾക്കുമൊപ്പമാണ് ദീപക് നോയിഡയിൽ നിന്നും ഉമ്രി ഗ്രാമത്തിൽ എത്തിയത്. സരയൂ നദീതീരത്ത് ചിതയൊരുക്കാനും മറ്റ് ശ്മശാന ചടങ്ങുകൾക്കുമായി ബന്ധുക്കൾക്കൊപ്പം സഹായിയായി ദീപക്കും കൂടിയിരുന്നു. ചടങ്ങുകൾക്ക് ശേഷം നദിയിലിറങ്ങി കൈയും മുഖവും കഴുകുന്നതിനിടയിലാണ് വെള്ളത്തിനടിയിൽ നിന്നും പെട്ടെന്ന് പൊങ്ങിവന്ന ഭീമാകാരനായ മുതല ഇയാളെ ആക്രമിച്ചത്. ദൃക്‌സാക്ഷികൾ നൽകുന്ന വിവരമനുസരിച്ച്, ദീപക്കിന്റെ തലയോടെയാണ് മുതല കടിച്ചെടുത്തത്. അവിടെയുണ്ടായിരുന്നവർ ഒച്ചവെച്ച് മുന്നറിയിപ്പ് നൽകിയെങ്കിലും നിമിഷങ്ങൾക്കകം യുവാവിനെയും കൊണ്ട് മുതല നദിയുടെ ആഴങ്ങളിലേക്ക് മറയുകയായിരുന്നു.
അപകടം നടന്നയുടൻ തന്നെ തോണിക്കാരും നാട്ടുകാരും ചേർന്ന് നദിയിൽ തിരച്ചിൽ നടത്തിയെങ്കിലും ദീപക്കിനെ കണ്ടെത്താനായില്ല. തുടർന്ന് പോലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തി പരിശോധനകൾക്ക് നേതൃത്വം നൽകി. നദിയിൽ മുതലകളുടെ സാന്നിധ്യം ശക്തമായതിനാലും സാധാരണ രീതിയിലുള്ള തിരച്ചിൽ ഫലം കാണാത്തതിനാലും ലഖ്‌നൗവിൽ നിന്നുള്ള സംസ്ഥാന ദുരന്ത നിവാരണ സേനയെ (SDRF) ജില്ലാ ഭരണകൂടം സഹായത്തിനായി വിളിച്ചുവരുത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഉത്തർ പ്രദേശ് സർക്കാർ ദുരിതബാധിത കുടുംബത്തിന് 4 ലക്ഷം രൂപ അടിയന്തര സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. സരയൂ നദീതീരങ്ങളിൽ മുതലകളുടെ ശല്യം രൂക്ഷമാണെന്നും ആളുകൾ നദിയിലിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.




















