കാനഡ-യുഎസ് അതിർത്തിയിൽ 2022 ജനുവരിയിൽ ഗുജറാത്തി കുടുംബം മരവിച്ചു മരിച്ച സംഭവത്തിൽ നിർണ്ണായകമായ വെളിപ്പെടുത്തലുകൾ പുറത്ത്. മരണത്തിന് തൊട്ടുമുൻപ് തങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജഗദീഷ് പട്ടേൽ സഹായത്തിനായി വിളിച്ചിരുന്നതായി മനുഷ്യക്കടത്ത് സംഘത്തിലെ പ്രധാനിയായ ഹർഷ്കുമാർ പട്ടേലിന്റെ വിചാരണയ്ക്കിടെ സാക്ഷി മൊഴി നൽകി. അതിശൈത്യത്തിൽ മാനിറ്റോബ അതിർത്തി മുറിച്ചുകടക്കുന്നതിനിടെ ഒരു കൈക്കുഞ്ഞടക്കം നാലംഗ കുടുംബം ദാരുണമായി മരണപ്പെട്ട വാർത്ത അന്ന് ലോകത്തെ നടുക്കിയിരുന്നു.
അമേരിക്കൻ കോടതിയിൽ നടക്കുന്ന വിചാരണയിലാണ് മനുഷ്യക്കടത്ത് ശൃംഖലയുടെ ക്രൂരതകൾ പുറത്തുവരുന്നത്. അതിർത്തി കടക്കാൻ സഹായിച്ച കുപ്രസിദ്ധ കുറ്റവാളി രാജ്‌വീർ സിംഗ് നൽകിയ മൊഴി പ്രകാരം, കുടുംബം കടുത്ത മഞ്ഞുവീഴ്ചയിൽ കുടുങ്ങിയപ്പോൾ പരിഭ്രാന്തനായി ജഗദീഷ് പട്ടേൽ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ അവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിന് പകരം യാത്ര തുടരാനാണ് കടത്തുകാർ നിർദ്ദേശിച്ചത്. ശരിയായ ശൈത്യകാല വസ്ത്രങ്ങളോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെയാണ് പിഞ്ചുകുഞ്ഞുങ്ങളടങ്ങിയ കുടുംബത്തെ -35 ഡിഗ്രി സെൽഷ്യസിലെ മരണക്കുഴിയിലേക്ക് ഇവർ തള്ളിവിട്ടത്.
ജഗദീഷ് പട്ടേൽ, ഭാര്യ വൈശാലീബെൻ, മക്കളായ വിഹാംഗി, ധർമ്മിക് എന്നിവരാണ് അതിർത്തിയിൽ നിന്ന് വെറും 12 മീറ്റർ മാത്രം അകലെ മരവിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. തങ്ങളുടെ ലക്ഷ്യസ്ഥാനമായ അമേരിക്കയിലേക്ക് എത്താൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് മരണം ഇവരെ പിടികൂടിയത്. ഈ കേസിൽ ഫ്ലോറിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹർഷ്കുമാർ പട്ടേലിനും സ്റ്റീവ് ഷാൻഡിനും എതിരെ ഗൂഢാലോചന ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.





















