Wellington Block redevelopment
സെന്റ് തോമസ് : കാനഡയിലെ സെന്റ് തോമസ് നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയിലുള്ള ചരിത്രപ്രധാനമായ വില്ലിംഗ്ടൺ ബ്ലോക്കിന് പുതിയ ഭാവം നൽകാൻ ഒരുങ്ങി നഗരസഭ. 1898-ൽ നിർമ്മിച്ച പഴയ വില്ലിംഗ്ടൺ സ്ട്രീറ്റ് പബ്ലിക് സ്കൂൾ ഉൾപ്പെടുന്ന ഈ ഹെറിറ്റേജ് പ്രോപ്പർട്ടി പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ട് നിക്ഷേപകരിൽ നിന്നും ഡെവലപ്പർമാരിൽ നിന്നും നഗരസഭ താൽപ്പര്യപത്രം (Expression of Interest) ക്ഷണിച്ചു.
നഗരത്തിന്റെ തന്ത്രപ്രധാനമായ വില്ലിംഗ്ടൺ – എൽജിൻ സ്ട്രീറ്റുകളുടെ കോണിൽ സ്ഥിതി ചെയ്യുന്ന ഈ 1.26 ഏക്കർ ഭൂമിയും കെട്ടിടവും സംരക്ഷിച്ചുകൊണ്ട് തന്നെ പുതിയ സാധ്യതകൾ കണ്ടെത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. നഗരത്തിലെ വർദ്ധിച്ചുവരുന്ന ഭവന ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി ഈ കെട്ടിടം പാർപ്പിട സൗകര്യങ്ങൾക്കായി ഉപയോഗപ്പെടുത്താവുന്നതാണ്. കൂടാതെ, വാണിജ്യ ആവശ്യങ്ങൾക്കും സാംസ്കാരിക പ്രവർത്തനങ്ങൾക്കുമായി കെട്ടിടത്തെ മാറ്റിയെടുക്കാവുന്ന മിശ്രിത വികസന പദ്ധതികളും നഗരസഭ പരിഗണിക്കുന്നുണ്ട്. പ്രദേശത്തിന്റെ സാമ്പത്തിക വളർച്ച മുൻനിർത്തി പ്രോപ്പർട്ടി വിൽക്കാനോ പാട്ടത്തിന് നൽകാനോ തയ്യാറാണെന്ന് മേയർ ജോ പ്രെസ്റ്റൺ വ്യക്തമാക്കിയിട്ടുണ്ട്.
2011-ൽ സ്കൂൾ അടച്ചുപൂട്ടിയതിനെത്തുടർന്ന് തെയിംസ് വാലി ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് നഗരസഭയ്ക്ക് കൈമാറിയതാണ് ഈ കെട്ടിടം. അൽഗോമ സർവ്വകലാശാലയുടെ പ്രവർത്തനങ്ങൾക്കും സ്റ്റീം എജ്യുക്കേഷൻ സെന്ററായും ഇത് മുൻപ് ഉപയോഗിച്ചിരുന്നു. 2021-22 കാലഘട്ടത്തിൽ സൗത്ത് വെസ്റ്റേൺ പബ്ലിക് ഹെൽത്തിന്റെ കീഴിലുള്ള കോവിഡ് വാക്സിനേഷൻ കേന്ദ്രമായും വില്ലിംഗ്ടൺ ബ്ലോക്ക് പ്രവർത്തിച്ചു.
നഗരത്തിലെ ബാലക്ലാവ സ്ട്രീറ്റ് സ്കൂൾ സമാനമായ രീതിയിൽ ഭവനരഹിതർക്കുള്ള താമസസൗകര്യമായി മാറ്റിയെടുക്കുന്നത് വലിയ വിജയമായിരുന്നു. അതേ മാതൃകയിൽ വില്ലിംഗ്ടൺ ബ്ലോക്കിനെയും മാറ്റിയെടുക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മനോഹരമായ ഈ ഹെറിറ്റേജ് കെട്ടിടം വെറുതെ കിടന്ന് നശിച്ചുപോകാതെ, നഗരത്തിന്റെ വികസനത്തിന് മുതൽക്കൂട്ടാകുന്ന രീതിയിൽ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യമെന്നും മേയർ കൂട്ടിച്ചേർത്തു.

























