Ontario lottery winner 98 year old Jessie Burrows
ഒന്റാരിയോ: ലോട്ടറിയിലൂടെ വലിയൊരു തുക സമ്മാനമായി ലഭിച്ചാൽ ആർക്കാണ് സന്തോഷം ഉണ്ടാകാത്തത്? കാനഡയിലെ ഒന്റാരിയോയിലുള്ള ലണ്ടൻ നഗരത്തിൽ താമസിക്കുന്ന 98 വയസ്സുകാരിയായ ജെസ്സി ബറോസ് എന്ന മുത്തശ്ശിക്കും ലോട്ടറി അടിച്ചപ്പോൾ സമാനമായ വലിയ സന്തോഷമാണുണ്ടായത്. ഒരു സ്ക്രാച്ച്-ഓഫ് കാർഡിലൂടെ 1,000 ഡോളർ ആണ് ജെസ്സിക്ക് സമ്മാനമായി ലഭിച്ചത്. എന്നാൽ, ആ സന്തോഷം അധികനേരം നീണ്ടുനിന്നില്ല. സമ്മാനത്തുക കൈപ്പറ്റാൻ ചെന്ന മുത്തശ്ശിക്ക് ആഴ്ചകളോളം കാത്തിരിക്കേണ്ടി വന്നു.
ഒന്റാരിയോയിലെ ലോട്ടറി നിയമപ്രകാരം 999 ഡോളർ വരെയുള്ള സമ്മാനങ്ങൾ റീട്ടെയിൽ ഷോപ്പുകളിൽ നിന്ന് നേരിട്ട് കൈപ്പറ്റാം. എന്നാൽ സമ്മാനത്തുക 1,000 ഡോളറോ അതിൽ കൂടുതലോ ആണെങ്കിൽ ഒന്റാരിയോ ലോട്ടറി ആൻഡ് ഗെയിമിംഗ് പ്രൈസ് സെന്റർ വഴിയാണ് തുക നൽകുക. ഇതിനായി കാലാവധി കഴിയാത്ത കൃത്യമായ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ (ഉദാഹരണത്തിന്: ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട്) നിർബന്ധമാണ്.
പ്രായാധിക്യം കാരണം ജെസ്സിക്ക് ഇപ്പോൾ ഡ്രൈവിംഗ് ലൈസൻസ് ഇല്ല. കൈവശമുണ്ടായിരുന്ന പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞതുമായിരുന്നു. ഇതോടെയാണ് തുക ലഭിക്കാതെ സമ്മാനം ഹോൾഡിലായത്. തന്റെ വിസ ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടയ്ക്കാനും, കുറച്ചു ഷോപ്പിംഗ് നടത്താനും ആഗ്രഹിച്ച മുത്തശ്ശിക്ക് ഇത് വലിയ നിരാശയായി. “അമ്മ തന്റെ ജീവിതകാലം മുഴുവൻ നിയമം അനുസരിച്ചു ജീവിച്ച വ്യക്തിയാണ്. ഒടുവിൽ ഒരു ലോട്ടറി അടിച്ചപ്പോൾ തുക കിട്ടാനായി ഇങ്ങനെ കാത്തിരിക്കേണ്ടി വന്നു,” ജെസ്സിയുടെ മകൻ ബ്രയാൻ ബറോസ് പറയുന്നു.
പ്രശ്നം സങ്കീർണ്ണമായതോടെ ബ്രയാൻ ഈ വിഷയം മാധ്യമങ്ങളെ അറിയിച്ചു. തുടർന്ന് ഒ.എൽ.ജി വക്താക്കൾ വിഷയത്തിൽ ഇടപെടുകയായിരുന്നു. ജെസ്സിയുടെ പ്രായവും യാത്രാ ബുദ്ധിമുട്ടുകളും കണക്കിലെടുത്ത്, ലോട്ടറി ഡിപ്പാർട്ട്മെന്റിലെ അന്വേഷണ ഉദ്യോഗസ്ഥർ നേരിട്ട് മുത്തശ്ശിയുടെ വീട്ടിലെത്തി തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് കൃത്യത വരുത്തി.
നീണ്ട കാത്തിരിപ്പിനൊടുവിൽ ജെസ്സിക്ക് തന്റെ 1,000 ഡോളർ സമ്മാനത്തുക ലഭിച്ചു. കടങ്ങൾ വീട്ടിയ ശേഷം ഭാഗ്യം പരീക്ഷിക്കാൻ ഇനിയും ലോട്ടറി എടുക്കുമെന്നാണ് ഈ 98-കാരി നിറഞ്ഞ ചിരിയോടെ പറയുന്നത്.






















