ഈ മാസം ലക്ഷ്വറി ക്രൂയിസ് കപ്പലായ ‘എംവി ഹോണ്ടിയസിൽ’ (MV Hondius) റിപ്പോർട്ട് ചെയ്ത ഹാന്റാ വൈറസ് (Hantavirus) ബാധയും മൂന്ന് മരണങ്ങളും, നിലവിൽ കൃത്യമായ മരുന്നോ പ്രതിരോധ വാക്സിനോ ഇല്ലാത്ത ഈ മാരക രോഗത്തെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും വർദ്ധിപ്പിച്ചിരിക്കുകയാണ്. കപ്പലിൽ നിന്ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ തിരിച്ചെത്തിയ ഒരു യാത്രക്കാരനും കഴിഞ്ഞ ദിവസം ഹാന്റാ വൈറസ് സ്ഥിരീകരിച്ചിരുന്നു. വളരെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഈ രോഗം സാധാരണയായി എലികളുടെയും മറ്റ് കരണ്ടുതിന്നുന്ന ജീവികളുടെയും (Rodents) കാഷ്ഠം, മൂത്രം, ഉമിനീര് എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയോ അവ കലർന്ന വായു ശ്വസിക്കുന്നതിലൂടെയോ ആണ് മനുഷ്യരിലേക്ക് പകരുന്നത്.
ഹാന്റാ വൈറസ് ചികിത്സ;
ഹാന്റാ വൈറസിനെ നേരിട്ട് നശിപ്പിക്കാൻ ശേഷിയുള്ള ആന്റിവൈറൽ മരുന്നുകളോ പ്രത്യേക ചികിത്സാ രീതികളോ നിലവിലില്ലെന്ന് സസ്കാച്ചവൻ സർവ്വകലാശാലയിലെ വാക്സിൻ ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസ് ഓർഗനൈസേഷനിലെ (VIDO) ഗവേഷകനായ ബ്രൈസ് വാർണർ വ്യക്തമാക്കുന്നു. രോഗലക്ഷണങ്ങൾ കണ്ടാലുടൻ എത്രയും വേഗം വിദഗ്ധ വൈദ്യസഹായം ലഭ്യമാക്കുക എന്നത് മാത്രമാണ് ഇപ്പോഴത്തെ പോംവഴി.
-
യൂറോപ്പ്, ഏഷ്യൻ രാജ്യങ്ങളിൽ: ഇവിടെ കാണപ്പെടുന്ന ഹാന്റാ വൈറസ് വകഭേദങ്ങൾ വൃക്കകളെ ബാധിക്കുന്ന ‘ഹെമറാജിക് ഫീവർ വിത്ത് റീനൽ സിൻഡ്രോമിന്’ (HFRS) കാരണമാകുന്നു. ഇതിന്റെ മരണനിരക്ക് 1 മുതൽ 12 ശതമാനം വരെയാണ്.
-
അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ: കാനഡയിലും യുഎസിലും കാണപ്പെടുന്ന ‘സിൻ നോംബ്രെ’ (Sin Nombre), തെക്കേ അമേരിക്കയിലെ ‘ആൻഡീസ്’ (Andes) തുടങ്ങിയ വകഭേദങ്ങൾ ശ്വാസകോശത്തെ ബാധിക്കുന്ന ‘ ഹാന്റാ വൈറസ് പൾമണറി സിൻഡ്രോം’ (HPS) ഉണ്ടാക്കുന്നു. കടുത്ത പനി, പേശി വേദന, ശ്വാസതടസ്സം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ഈ വകഭേദം ബാധിക്കുന്നവരിൽ മരണനിരക്ക് 40 ശതമാനത്തോളമാണ്. നിലവിൽ ഓക്സിജൻ തെറാപ്പി, വെന്റിലേറ്റർ സഹായം എന്നിവയിലൂടെ രോഗിയുടെ ജീവൻ നിലനിർത്താനുള്ള ലക്ഷണാനുസൃത ചികിത്സകൾ (Supportive Care) മാത്രമാണ് ഡോക്ടർമാർ നൽകുന്നത്.
വാക്സിൻ ഗവേഷണം എവിടെവരെ?
പതിറ്റാണ്ടുകളായി ഹാന്റാ വൈറസിനെതിരെയുള്ള വാക്സിൻ ഗവേഷണങ്ങൾ വലിയ രീതിയിൽ അവഗണിക്കപ്പെടുകയായിരുന്നു എന്ന് ബാത്ത് സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ അസൽ സാർട്ട്ബേവ പറയുന്നു. പ്രധാനമായും ദരിദ്ര പശ്ചാത്തലത്തിലുള്ള ആളുകളെ ബാധിക്കുന്ന രോഗമായതിനാൽ വലിയ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് ഇതിൽ വാണിജ്യപരമായ താല്പര്യങ്ങൾ ഉണ്ടായിരുന്നില്ല എന്നതാണ് ഇതിന് കാരണം.
എന്നാൽ ഇപ്പോൾ അന്താരാഷ്ട്ര ഗവേഷകരുടെ സഹായത്തോടെ ‘എൻസിലിടെക്’ (EnsiliTech) എന്ന ബയോടെക്നോളജി കമ്പനി ഇതിനായുള്ള വാക്സിൻ വികസിപ്പിച്ചു വരികയാണ്. അവർ വികസിപ്പിച്ച ആന്റിജൻ എലികളിൽ നടത്തിയ പരീക്ഷണത്തിൽ മികച്ച പ്രതിരോധശേഷി കാണിക്കുകയും പാർശ്വഫലങ്ങൾ ഇല്ലാതിരിക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത ഘട്ടമായി ക്ലിനിക്കൽ ട്രയലുകൾ ആരംഭിക്കുമെന്നും, അടുത്ത 3 മുതൽ 4 വർഷത്തിനകം വാക്സിൻ പുറത്തിറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ വ്യക്തമാക്കി. അമേരിക്കൻ കമ്പനിയായ മോഡേണയും (Moderna Inc.) യുഎസ് ആർമിയുമായി ചേർന്ന് പ്രാരംഭഘട്ട വാക്സിൻ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. കാനഡയിലെ വിഡോ (VIDO) എന്ന സ്ഥാപനം വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന ‘സിൻ നോംബ്രെ’ വകഭേദത്തിനെതിരെയുള്ള വാക്സിന്റെ മൃഗങ്ങളിലെ പരീക്ഷണം ഈ വേനൽക്കാലത്ത് ആരംഭിക്കും.
വാക്സിൻ വിജയകരമായി പുറത്തിറങ്ങിയാൽ, ഹാന്റാ വൈറസ് ബാധയ്ക്ക് കൂടുതൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും അത്തരം സ്ഥലങ്ങളിലേക്ക് പോകുന്ന വിനോദസഞ്ചാരികൾക്കുമായിരിക്കും ഇത് ആദ്യഘട്ടത്തിൽ നൽകുക. വലിയൊരു ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ ഉണ്ടാകാത്ത പക്ഷം, ഈ വാക്സിൻ വിപണിയിലെത്താൻ ഇനിയും വർഷങ്ങൾ എടുത്തേക്കാമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്.




















