Canada PGWP rejection news
ഒട്ടാവ: കാനഡയിൽ പഠനം പൂർത്തിയാക്കിയ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് നൽകുന്ന പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് (PGWP) അപേക്ഷകൾ കൂട്ടത്തോടെ നിരസിക്കപ്പെടുന്നതായി റിപ്പോർട്ട്. ഇമിഗ്രേഷൻ വകുപ്പിന്റെ ഓൺലൈൻ പോർട്ടലിലെ സാങ്കേതിക പോരായ്മകളും പുതിയ നിയമങ്ങളെക്കുറിച്ചുള്ള വ്യക്തതക്കുറവുമാണ് നൂറുകണക്കിന് അപേക്ഷകൾ പെട്ടെന്ന് നിരസിക്കപ്പെടാൻ കാരണമായത്. ഇതോടെ മികച്ച ജോലിയിൽ പ്രവേശിച്ച പല വിദ്യാർത്ഥികൾക്കും ജോലി നിർത്തിവെക്കേണ്ടി വരികയും കാനഡയിലെ താമസം തന്നെ പ്രതിസന്ധിയിലാവുകയും ചെയ്തു.
2024 നവംബർ 1 മുതൽ കാനഡയിൽ പിജിഡബ്ല്യുപിക്ക് അപേക്ഷിക്കുന്ന ഭൂരിഭാഗം വിദ്യാർത്ഥികൾക്കും ഇംഗ്ലീഷ് (CELPIP, IELTS) അല്ലെങ്കിൽ ഫ്രഞ്ച് (TEF, TCF) ഭാഷാ വൈദഗ്ധ്യ പരീക്ഷകളുടെ (Language Proficiency Test) ഫലം സമർപ്പിക്കൽ നിർബന്ധമാക്കിയിരുന്നു. എന്നാൽ, ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയുടെ (IRCC) ഔദ്യോഗിക അപേക്ഷാ പോർട്ടലിൽ ഈ ഭാഷാ സർട്ടിഫിക്കറ്റുകൾ നേരിട്ട് അപ്‌ലോഡ് ചെയ്യാനുള്ള ഒരു പ്രത്യേക കോളമോ ഫീൽഡോ (Dedicated Field) ലഭ്യമായിരുന്നില്ല.
പകരം ‘ക്ലയന്റ് ഇൻഫർമേഷൻ’ (Client Information) എന്ന പൊതുവായ കോളത്തിനടിയിലാണ് ഈ ഫയലുകൾ സമർപ്പിക്കേണ്ടിയിരുന്നത്. പോർട്ടലിൽ ഇതിനെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പുകളോ നിർദ്ദേശങ്ങളോ ഇല്ലാതിരുന്നതിനാൽ, ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഭാഷാ പരീക്ഷാ ഫലം ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ല. അപേക്ഷ സമർപ്പിച്ച് മാസങ്ങൾ കഴിഞ്ഞുള്ള ദീർഘമായ പ്രൊസസിങ് വൈകലിനൊടുവിൽ, ഇപ്പോഴാണ് അപേക്ഷകൾ കൂട്ടത്തോടെ നിരസിച്ചുകൊണ്ടുള്ള കത്തുകൾ വിദ്യാർത്ഥികൾക്ക് ലഭിച്ചുതുടങ്ങിയത്.
നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം 2025 ഡിസംബർ വരെയുള്ള കാലയളവിൽ മാത്രം മൂന്ന് ലക്ഷത്തിലധികം പിജിഡബ്ല്യുപി അപേക്ഷകളാണ് ഐആർസിസിക്ക് ലഭിച്ചത്. ഇതിൽ ആയിരത്തിനടുത്ത് അപേക്ഷകൾ ഭാഷാ യോഗ്യതയുമായി ബന്ധപ്പെട്ട കാരണങ്ങളാൽ മാത്രം നിരസിക്കപ്പെട്ടു. ഇതിൽ വലിയൊരു പങ്ക് നിരസിക്കലുകളും കഴിഞ്ഞ ആറ് മാസത്തിനിടയിലാണ് സംഭവിച്ചിട്ടുള്ളതെന്ന് ഇമിഗ്രേഷൻ അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.
പഠനം കഴിഞ്ഞ് 180 ദിവസത്തിനുള്ളിൽ മാത്രമേ വർക്ക് പെർമിറ്റിനായി വീണ്ടും അപേക്ഷിക്കാൻ സാധിക്കൂ എന്നതിനാൽ, മാസങ്ങൾക്ക് ശേഷം നിരസിക്കൽ കത്ത് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് പുതിയ അപേക്ഷ നൽകാനുള്ള സമയപരിധി ഇതിനോടകം തന്നെ അവസാനിച്ചിട്ടുണ്ടാകും. ഇംഗ്ലീഷ് മാതൃഭാഷയായുള്ള കാനഡയിലെ പ്രമുഖ സർവ്വകലാശാലകളിൽ നിന്ന് മികച്ച മാർക്കോടെ ബിരുദം നേടിയ പല വിദ്യാർത്ഥികളും ഈ സാങ്കേതിക പിഴവ് മൂലം കാനഡയിൽ തുടരാനാകാത്ത അവസ്ഥയിലാണ്.
വിദ്യാർത്ഥികൾക്കിടയിൽ അപ്‌ലോഡിംഗുമായി ബന്ധപ്പെട്ട് വലിയ രീതിയിൽ ആശയക്കുഴപ്പം ഉണ്ടായതായി ഐആർസിസി വക്താവ് സമ്മതിച്ചു. പ്രശ്നം പരിഹരിക്കുന്നതിനായി പോർട്ടലിൽ ഭാഷാ പരീക്ഷാ ഫലങ്ങൾ സമർപ്പിക്കാൻ പ്രത്യേക ഫീൽഡ് വികസിപ്പിച്ചു വരികയാണെന്നും ഐആർസിസി വ്യക്തമാക്കി. എന്നാൽ പരീക്ഷാ ഫലം കൃത്യമായി സമർപ്പിക്കേണ്ടത് അപേക്ഷകന്റെ ഉത്തരവാദിത്തമാണെന്നും 2024 നവംബർ മുതൽ വെബ്സൈറ്റിൽ ഈ നിയമം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് അധികൃതരുടെ നിലപാട്.
അപേക്ഷകൾ നിരസിക്കപ്പെട്ട അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് മുൻപിൽ ഇനി ഇമിഗ്രേഷൻ വെബ്ഫോം വഴി പുനഃപരിശോധനാ ഹർജി (Reconsideration Request) നൽകുകയോ അല്ലെങ്കിൽ ഫെഡറൽ കോടതിയെ സമീപിച്ച് ജുഡീഷ്യൽ റിവ്യൂവിന് ശ്രമിക്കുകയോ മാത്രമാണ് പോംവഴി.
























