DK Shivakumar next CM Karnataka
ബെംഗളൂരു: കർണാടക കോൺഗ്രസിൽ വൻ രാഷ്ട്രീയ അഴിച്ചുപണിക്ക് വഴിയൊരുങ്ങുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ ഈയാഴ്ച തന്നെ പദവി രാജിവെച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ ഉപമുഖ്യമന്ത്രിയായ ഡി.കെ. ശിവകുമാർ അടുത്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഡൽഹിയിൽ കോൺഗ്രസ് ഹൈക്കമാൻഡുമായി നടത്തിയ നിർണ്ണായക ചർച്ചകൾക്ക് പിന്നാലെയാണ് കർണാടകത്തിൽ മൂന്ന് വർഷം പിന്നിട്ട സർക്കാരിൽ നേതൃമാറ്റത്തിന് വഴിതെളിഞ്ഞത്.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായി സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും വിശദമായ ചർച്ചകൾ നടത്തിയിരുന്നു. 78-കാരനായ സിദ്ധരാമയ്യയെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനാണ് ഹൈക്കമാൻഡ് ആഗ്രഹിക്കുന്നത്. ഇതിന് പകരമായി ജൂണിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് രാജ്യസഭാ സീറ്റും കേന്ദ്രത്തിൽ വലിയ പദവികളും വാഗ്ദാനം ചെയ്തതായാണ് സൂചന.
ഡി.കെ. ശിവകുമാർ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുന്നതോടെ ജാതി സമവാക്യങ്ങൾ പാലിക്കുന്നതിനായി കർണാടകത്തിൽ ഒന്നിലധികം ഉപമുഖ്യമന്ത്രിമാർ ഉണ്ടാകാൻ സാധ്യതയുണ്ട്. സിദ്ധരാമയ്യയോട് അടുത്ത നിലപാട് സ്വീകരിക്കുന്ന നേതാക്കളെ ഈ പദവികളിലേക്ക് പരിഗണിച്ചേക്കും. കൂടാതെ, സിദ്ധരാമയ്യയുടെ മകനും നിലവിലെ വരുണ മണ്ഡലത്തിലെ എംഎൽഎയുമായ ഡോ. യതീന്ദ്ര സിദ്ധരാമയ്യയെ പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്നും പാർട്ടി വൃത്തങ്ങൾ സൂചന നൽകുന്നു.
ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതോടെ നിലവിലുള്ള കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനം അദ്ദേഹം ഒഴിഞ്ഞേക്കും. നിലവിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും പ്രമുഖ നേതാവുമായ സതീഷ് ജർക്കിഹോളി പുതിയ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ചുമതലയേൽക്കാനാണ് സാധ്യത. ഭരണമാറ്റവുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യ വ്യാഴാഴ്ച ബെംഗളൂരുവിൽ മന്ത്രിമാരുടെ പ്രത്യേക പ്രാതൽ യോഗം വിളിച്ചിട്ടുണ്ട്. ഹൈക്കമാൻഡ് തീരുമാനം സിദ്ധരാമയ്യ പൂർണ്ണമായും അംഗീകരിക്കുകയാണെങ്കിൽ അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ തന്നെ കർണാടകത്തിലെ പുതിയ മന്ത്രിസഭ അധികാരമേൽക്കും.
ഇന്ത്യയിൽ നിന്നുള്ള കൂടുതൽ വാർത്തകൾക്കായി India വിഭാഗം സന്ദർശിക്കുക





















