CPM Area Committee meeting kollam
കൊല്ലം: തിരഞ്ഞെടുപ്പ് തിരിച്ചടിയെത്തുടർന്ന് കുന്നിക്കോട്, അഞ്ചൽ ഏരിയാ കമ്മിറ്റി യോഗങ്ങളിൽ കെ.ബി. ഗണേഷ് കുമാറിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമർശനം. ഗണേഷ് കുമാർ നടത്തിയ പല പ്രസംഗങ്ങളും മാധ്യമങ്ങളോടുള്ള പ്രതികരണങ്ങളുമാണ് പത്തനാപുരത്തെ തോൽവിക്ക് പ്രധാന കാരണമെന്ന് കുന്നിക്കോട് ഏരിയ കമ്മിറ്റിയിൽ വിമർശനമുയർന്നു. മന്ത്രിയുടെ ഓഫീസ് ജനങ്ങളുടെ വിഷയങ്ങളിൽ ഇടപെട്ടിട്ടില്ല. പാർട്ടി നേതാക്കളോടു പോലും പുച്ഛഭാവത്തിലായിരുന്നു ഗണേഷിന്റെ ഇടപെടൽ.
എൻഎസ്എസുമായുള്ള വിഷയം വഷളാക്കിയത് ഗണേഷ് കുമാർ തന്നെയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിയ്ക്കും കാരണക്കാരൻ അദ്ദേഹം തന്നെയാണെന്നും യോഗത്തിൽ ചിലർ ആരോപിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനാവൂർ നാഗപ്പന്‍റെ സാന്നിധ്യത്തിലായിരുന്നു കുന്നിക്കോട് ഏരിയ കമ്മിറ്റി യോഗം നടന്നത്.
പിണറായി വിജയന്റെ ധാർഷ്ഠ്യമാണ് തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായതെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ജി. സുധാകരന് എതിരെ ‘ചെറ്റ’ എന്ന് വിളിച്ചതു ഒരു കമ്യൂണിസ്റ്റും പറയാൻ പാടില്ലാത്തതാണ്. ചില ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനങ്ങൾ നടപ്പാക്കുന്ന പിആർ ഏജൻസി മാത്രമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റെന്ന് ചിലർ പരിഹസിച്ചു.
ജനങ്ങളെ കേൾക്കാത്ത സെക്രട്ടറിയാണ് പാർട്ടിക്കുള്ളതെന്നായിരുന്നു മറ്റൊരു ആക്ഷേപം. ചർച്ചയിൽ പങ്കെടുത്ത 17 പേരും സംസ്ഥാന നേതൃത്വത്തിൽ മാറ്റം വേണമെന്നാവശ്യപ്പെട്ടു. അഞ്ചൽ ഏരിയാ കമ്മിറ്റിയിലും പിണറായി വിജയനും എം.വി. ഗോവിന്ദനും എതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്.
പ്രതിപക്ഷ നേതാവായി പിണറായി തുടരുന്നത് അപകടമാണ്. മുഖ്യമന്ത്രിയുടെ ‘ഡാഷ് മോനേ’ പ്രയോഗം മുൻപുണ്ടായ ‘പരനാറി’ പരാമർശത്തെക്കാൾ ദോഷം ചെയ്തുവെന്നും വിമർശനമുയർന്നു. മുഖ്യമന്ത്രിയുടെ അംഗരക്ഷകരും പരിവാരങ്ങളും വരുത്തിവച്ച പ്രശ്നങ്ങൾ കാരണം പാർട്ടി പ്രവർത്തകർക്കു സാധാരണക്കാരുടെ മുന്നിലേക്കു ചെല്ലാൻ കഴിയാത്ത അവസ്ഥയായി.
ഉന്നത നേതാക്കൾ ജനങ്ങളിൽ നിന്ന് അകന്നതിന്‍റെ തിക്തഫലം പാർട്ടിയുടെ സാധാരണ പ്രവർത്തകരാണ് അനുഭവിക്കുന്നത്. പാർട്ടിയുടെ തിരിച്ചുവരവിന് പുതിയ നേതൃത്വം ഉണ്ടാകണമെന്നാണ് യോഗത്തിൽ ഉയർന്ന പൊതുവികാരം. എന്നാൽ സങ്കീർണമായ പ്രശ്നങ്ങൾക്ക് ഇടയിലും പുനലൂർ നിയോജക മണ്ഡലത്തിലെ മികച്ച വിജയം വലിയ നേട്ടമായെന്നും യോഗം വിലയിരുത്തി.
കൂടുതൽ രാഷ്ട്രീയ വാർത്തകൾക്കായി POLITICS വിഭാഗം സന്ദർശിക്കുക























