ബാരി : ഒന്റാറിയോയിൽ ചെറിയ തുകയുടെ വായ്പയെടുത്ത വ്യക്തി വർഷങ്ങളായി കൃത്യമായി തിരിച്ചടവ് നടത്തിയിട്ടും കടബാധ്യതയിൽ നിന്ന് മുക്തനാകാൻ സാധിക്കാത്ത വിവരം പുറത്ത്. ബാരി സ്വദേശിയായ ടെറി ഒഹാലറൻ എന്ന വയോധികനാണ് ഉയർന്ന പലിശനിരക്കിലുള്ള വായ്പാ ചതിക്കുഴിയിൽ അകപ്പെട്ടത്. കാനഡയിൽ ഇത്തരത്തിലുള്ള പലിശ ചൂഷണങ്ങൾക്കെതിരെ പുതിയ നിയമനിർമ്മാണം നിലവിൽ വന്നിട്ടുണ്ടെങ്കിലും, പഴയ വായ്പകൾക്ക് ഇത് ബാധകമാകാത്തതാണ് ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കുന്നത്.
ചെറുകിട യന്ത്രസാമഗ്രികളുടെ അറ്റകുറ്റപ്പണി നടത്തുന്ന ബാരി സ്വദേശിയായ ടെറി ഒഹാലറൻ, അഞ്ചുവർഷം മുൻപ് നേരിട്ട ആരോഗ്യപ്രശ്നങ്ങളെത്തുടർന്നാണ് 4,500 ഡോളർ വായ്പയെടുത്തത്. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം വീടിനുള്ളിൽ വരുത്തേണ്ടി വന്ന മാറ്റങ്ങൾക്കും വീൽചെയർ വാങ്ങുന്നതിനുമായാണ് ഇദ്ദേഹം തുക കൈപ്പറ്റിയത്. പ്രതിമാസം ഏതാണ്ട് 200 ഡോളർ വീതം ഒരു തവണ പോലും മുടങ്ങാതെ അഞ്ചുവർഷം തിരിച്ചടച്ചിട്ടും, വായ്പയുടെ ഭൂരിഭാഗവും ഇപ്പോഴും നിലനിൽക്കുന്നു എന്ന തിരിച്ചറിവാണ് ഇദ്ദേഹത്തെ ആശങ്കയിലാഴ്ത്തിയത്.
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പകൾ ഉപഭോക്താക്കളെ എപ്രകാരം കടക്കെണിയിലാക്കുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണിത്. നിലവിൽ ഇദ്ദേഹം അടയ്ക്കുന്ന തുകയുടെ വലിയൊരു പങ്കും പലിശയിനത്തിലേക്കാണ് വകമാറ്റപ്പെടുന്നത്. കാനഡയിൽ 2025 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമപ്രകാരം ഇത്തരം ഉയർന്ന പലിശനിരക്കുകൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും, നിയമം വരുന്നതിന് മുൻപുള്ള വായ്പകൾക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്നത് തിരിച്ചടിയാണ്. മുൻപ് 48 ശതമാനം വരെ ഈടാക്കിയിരുന്ന പലിശനിരക്ക് പുതിയ നിയമപ്രകാരം 35 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ധനകാര്യ സ്ഥാപനങ്ങളുടെ ഇത്തരം വായ്പാ വ്യവസ്ഥകളെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെ കരാറുകളിൽ ഒപ്പുവെക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് ക്രെഡിറ്റ് കൗൺസിലിങ് സൊസൈറ്റിയിലെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഉയർന്ന പലിശയുള്ള ക്രെഡിറ്റ് ലൈനുകളും പേ-ഡേ ലോണുകളും പലപ്പോഴും സാധാരണക്കാരെ തീരാക്കടത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. അടിയന്തിര ആവശ്യങ്ങൾക്കായി വായ്പയെടുക്കുമ്പോൾ വ്യവസ്ഥകളും പലിശ കണക്കാക്കുന്ന രീതിയും കൃത്യമായി മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവം അടിവരയിടുന്നത്.

























