മെക്സിക്കോ സിറ്റി: ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് 23-ാമത് ഫിഫ ലോകകപ്പ് ഫുട്ബോളിന് ഇന്ന് രാത്രി കിക്കോഫ്. ഇന്ത്യൻ സമയം രാത്രി 12.30-ന് നടക്കുന്ന ആവേശകരമായ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി 48 ടീമുകൾ മാറ്റുരയ്ക്കുന്ന ഏറ്റവും വലിയ ലോകകപ്പിനാണ് ഇക്കുറി വടക്കേ അമേരിക്കയിൽ അരങ്ങൊരുങ്ങുന്നത്.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ 16 വേദികളിലായി ആകെ 104 മത്സരങ്ങളാണ് നടക്കുക.
Click here for FIFA World Cup 2026 fixtures
ചരിത്രപ്രസിദ്ധമായ മെക്സിക്കോയിലെ ആസ്ടെക് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം അരങ്ങേറുന്നത്. ഇതോടെ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിന് മൂന്ന് തവണ വേദിയാകുന്ന ആദ്യ സ്റ്റേഡിയമെന്ന അപൂർവ്വ റെക്കോർഡും ആസ്ടെക് സ്റ്റേഡിയത്തിന് സ്വന്തമാകും. പെലെയും മറഡോണയും ലോകകിരീടമുയർത്തിയ പുണ്യഭൂമിയിലാണ് വീണ്ടും പന്തുരുളുന്നത്.
മത്സരത്തിന് ഒന്നര മണിക്കൂർ മുൻപ് വിസ്മയകരമായ ഉദ്ഘാടന ചടങ്ങുകൾക്ക് സ്റ്റേഡിയത്തിൽ തുടക്കമാകും. പ്രശസ്ത കൊളംബിയൻ ഗായിക ഷക്കീറയുടെ ലാറ്റിൻ സംഗീതവിരുന്നാണ് ചടങ്ങിലെ പ്രധാന ആകർഷണം. ലോകകപ്പിന്റെ ഔദ്യോഗിക ഗാനവും ഷക്കീറ ചടങ്ങിൽ അവതരിപ്പിക്കും. ഉദ്ഘാടന മത്സരത്തിൽ നേർക്കുനേർ വരുന്ന മെക്സിക്കോയും ദക്ഷിണാഫ്രിക്കയും മുൻപ് ഏറ്റുമുട്ടിയപ്പോൾ രണ്ട് കളിയിൽ മെക്സിക്കോയും ഒരു കളിയിൽ ദക്ഷിണാഫ്രിക്കയും ജയിച്ചിട്ടുണ്ട്.
ലിയോണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ ജൂനിയർ തുടങ്ങിയ ഇതിഹാസ താരങ്ങളുടെ അവസാന ലോകകപ്പ് കൂടിയാണിത്. അതേസമയം ലാമിൻ യമാൽ അടക്കമുള്ള യുവതാരങ്ങളുടെ പുത്തൻ താരോദയങ്ങൾക്കും ഇത്തവണത്തെ ലോകകപ്പ് സാക്ഷ്യം വഹിച്ചേക്കും. 48 ടീമുകളെ 12 ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച എട്ട് മൂന്നാം സ്ഥാനക്കാരും നോക്കൗട്ടിലേക്ക് യോഗ്യത നേടും. ജൂലൈ 19-ന് ന്യൂയോർക്കിലാണ് കലാശപ്പോരാട്ടം.






















