ഒട്ടാവ: പേവിഷബാധ (Rabies) പടരാനുള്ള സാധ്യത കണക്കിലെടുത്ത് വിദേശ രാജ്യങ്ങളിൽ നിന്നുള്ള നായ്ക്കളുടെ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ നിരോധനം തുടരുമെന്ന് കാനഡ. 2022-ൽ താൽക്കാലികമായി ഏർപ്പെടുത്തിയ ഈ നിയന്ത്രണം പിൻവലിക്കണമെന്ന് മൃഗസംരക്ഷണ സംഘടനകൾ ശക്തമായി ആവശ്യപ്പെടുമ്പോഴാണ് ഫെഡറൽ ഗവൺമെന്റ് നിലപാട് വ്യക്തമാക്കിയത്.
എന്താണ് നിരോധനത്തിന് കാരണം?
അഫ്ഗാനിസ്ഥാൻ, യുക്രെയിൻ, ചൈന തുടങ്ങി പേവിഷബാധ ഭീഷണിയുള്ള നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള നായ്ക്കളെയാണ് കാനഡ വിലക്കിയിട്ടുള്ളത്. 2021-ൽ ഇറാനിൽ നിന്ന് എത്തിച്ച രണ്ട് നായ്ക്കളിൽ പേവിഷബാധ സ്ഥിരീകരിച്ചതാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസിയെ (CFIA) നയിച്ചത്. മനുഷ്യരിലും മൃഗങ്ങളിലും 99 ശതമാനവും മരണകാരണമാകുന്ന രോഗമായതിനാൽ വിട്ടുവീഴ്ചക്കില്ലെന്നാണ് അധികൃതരുടെ നിലപാട്.
മൃഗസ്നേഹികളുടെ പ്രതിഷേധം: ലോകത്ത് ഇത്തരമൊരു സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുള്ള ഏക രാജ്യം കാനഡയാണെന്ന് മൃഗസംരക്ഷണ സംഘടനയായ ‘അനിമൽ ജസ്റ്റിസ്’ കുറ്റപ്പെടുത്തുന്നു. യുദ്ധബാധിത പ്രദേശങ്ങളിൽ നിന്നും തെരുവുകളിൽ നിന്നും രക്ഷപ്പെടുത്തിയ ആരോഗ്യവാന്മാരായ നായ്ക്കൾക്ക് പോലും ഇതുമൂലം കാനഡയിൽ അഭയം ലഭിക്കുന്നില്ല. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കർശനമായ പരിശോധനകൾക്കും ക്വാറന്റൈനും ശേഷം നായ്ക്കളെ പ്രവേശിപ്പിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, വാക്സിനേഷൻ രേഖകൾ മാത്രം പൂർണ്ണ സുരക്ഷ നൽകുന്നില്ലെന്നും പേവിഷബാധയുടെ ലക്ഷണങ്ങൾ പുറത്തുവരാൻ ആറുമാസം വരെ സമയമെടുക്കാമെന്നും സി.എഫ്.ഐ.എ (CFIA) വ്യക്തമാക്കുന്നു. ജനങ്ങളുടെയും വളർത്തുമൃഗങ്ങളുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ നിയന്ത്രണമെന്ന് അധികൃതർ ആവർത്തിച്ചു.


























